മഴ; പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത, നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിന് നിയന്ത്രണം

 
nelliyampathy

പാലക്കാട് നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍. 

ജില്ലയില്‍ കാലവര്‍ഷം തുടരുന്ന സാഹചര്യത്തിലും നെല്ലിയാമ്പതി ചുരം റോഡില്‍ കനത്ത പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത നിലനില്‍ക്കുന്നതിനാലും പൊതുജന സുരക്ഷ മുന്‍നിര്‍ത്തിയാണ് കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 


ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായുള്ള എല്ലാവിധ യാത്രകളും, ചുരം വഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.


പ്രദേശവാസികളുടെ അത്യാവശ്യ യാത്രകള്‍ക്കും അടിയന്തര വൈദ്യസഹായ ആവശ്യങ്ങള്‍ക്കുമുള്ള വാഹനങ്ങള്‍ക്കൊഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും വൈകുന്നേരം 6 മുതല്‍ രാവിലെ 6 മണിവരെ രാത്രികാല യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

 നാളെയും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

Tags

Share this story

From Around the Web