മഴ വീണ്ടും ശക്തമാകുന്നു; വരും ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത,പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ജാഗ്രതയുടെ ഭാഗമായി വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് ബാധകമായിരിക്കും.
തുടര്‍ന്ന് വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വടക്കന്‍ ആന്റമാന്‍ കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി മ്യാന്‍മാര്‍-ബംഗ്ലാദേശ് തീരങ്ങള്‍ക്ക് സമാന്തരമായി നീങ്ങി വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ട്.
ഇതിന്റെ ഫലമായാണ് കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ വീണ്ടും സജീവമാകുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.