റെയില്‍വെ യാത്രാനിരക്ക് വര്‍ധന സാധാരണക്കാരോടുള്ള വെല്ലുവിളി: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: റെയില്‍വെ യാത്രാനിരക്ക് വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.
സാധാരണക്കാരെയും തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്ന് മന്ത്രി പറഞ്ഞു.
പൊതുഗതാഗത സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പകരം നിരക്ക് വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞൂറ്റുകയാണ് കേന്ദ്രമെന്നും മന്ത്രി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ഡിസംബര്‍ 26 മുതല്‍ നിരക്ക് വര്‍ധന നടപ്പിലാക്കുമെന്ന റെയില്‍വെയുടെ അറിയിപ്പ് പ്രതിഷേധാര്‍ഹമാണ്.
ഓര്‍ഡിനറി ക്ലാസുകളിലും എസി, നോണ്‍-എസി ക്ലാസുകളിലും കിലോമീറ്ററിന് പൈസയുടെ വര്‍ധനവ് വരുത്തിയത് ദീര്‍ഘദൂര യാത്രക്കാരെയാണ് കാര്യമായി ബാധിക്കുകയെന്ന് മന്ത്രി പറഞ്ഞു.
തൊഴില്‍ ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്ന സാധാരണക്കാര്‍ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
അന്യസംസ്ഥാനങ്ങളിലേക്ക് വിവിധ ആവശ്യങ്ങളുമായി പോകുന്ന മലയാളികള്‍ക്ക് റെയിണ്‍വെയുടെ തീരുമാനം തിരിച്ചടിയാണ്.
പൊതുഗതാഗത സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പകരം നിരക്ക് വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞൂറ്റുന്ന നടപടിയില്‍ നിന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.