റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യം, മാധ്യമവേട്ട നടത്തിയിട്ടില്ല; ഇവിടെ തട്ടിപ്പ് കേസിലാണ് അന്വേഷണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ വേട്ട പൊലീസ് നടത്തിയിട്ടില്ല. ചാനലിന്റെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ല. അന്വേഷണസംഘം ഏത് രീതിയില്‍ പ്രവര്‍ത്തിക്കണമെന്നത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല. എസ്‌ഐടിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം. ഒരു മാധ്യമപ്രവര്‍ത്തകനെയും ആക്രമിച്ചിട്ടില്ല. മാധ്യമ അടിയന്തരാവസ്ഥ എന്ന കള്ള പ്രചാരണം നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞകാല അനുഭവങ്ങള്‍ വച്ചാകും ഇപ്പോള്‍ പറയുന്നത്. ആ പേടി നിങ്ങള്‍ക്ക് വേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ന്യൂസ് റൂമും ഓഫീസും എല്ലാം ഒരിടത്ത് ആണ്. കേസിലെ രണ്ടാം പ്രതിയാണ് റിപോര്‍ട്ടര്‍ ടിവി. അതാണ് പൊലീസ് കയറിയത്. കേരള പൊലീസ് നിയമപരമല്ലാത്ത ഒന്നും റിപോര്‍ട്ടര്‍ ചാനലില്‍ ചെയ്തിട്ടില്ല. മാധ്യമ പ്രവര്‍ത്തകനെ കൈ വിലങ്ങ് അണിയിച്ച സംഭവം കേരളത്തിലുണ്ട്. ഇവിടെ തട്ടിപ്പ് കേസിലാണ് അന്വേഷണം. വാര്‍ത്തകളുടെ പേരിലല്ല.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര മാധ്യമ സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. അന്നൊന്നും ഇവിടെ അടിയന്തരാവസ്ഥ എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കും. കേസ് അന്വേഷണം നടത്തുന്നത് SIT. SIT രൂപീകരിച്ചാല്‍ പിന്നെ അന്വേഷണം നടത്തുന്നത് അവരാണ്. ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് പറയാറില്ല. അങ്ങനെ ഒരു സമീപനം സര്‍ക്കാരിനില്ല. കോടതി വാറന്റ് അനുസരിച്ചാണ് റെയ്ഡ് നടത്തിയത്.
ഒരു മാധ്യമ പ്രവര്‍ത്തകനോടും മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി റിപ്പോര്‍ട്ടില്‍ നിയമോപദേശം ഇതുവരെ ലഭിച്ചിട്ടില്ല. ഇന്നോ നാളെയോ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ലഭിച്ചാല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. സര്‍ക്കാരിന് ആശങ്കയില്ല. എന്റെ പേര് മാത്രമല്ല ഉള്ളത് ധാരാളം പേരുകള്‍ ഉണ്ട്. ആരും ആശ്വസിക്കേണ്ട. CPM , BJP നേതാക്കളുടെ പേരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.