റെയ്ഡ് നിയമപരമായ നടപടി, വാർത്താസംപ്രേഷണം തടസ്സപ്പെടുത്തിയതറിഞ്ഞത് ചാനലിലൂടെ; വി.ഡി. സതീശൻ!

 
 V d satheeshan


മെസ്സിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോധനകള്‍ പൂര്‍ണ്ണമായും നിയമപരമായ ഇടപെടലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായാണ് ചാനല്‍ ഓഫീസില്‍ റെയ്ഡ് നടത്തിയതെന്നും, ഇത് സര്‍ക്കാരിന്റെ ഇടപെടലല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റെയ്ഡുകള്‍ എവിടെ നടത്തണമെന്നത് പൂര്‍ണ്ണമായും പൊലീസിന്റെ തീരുമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, വാര്‍ത്താസംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡിന്റെ വിവരം താന്‍ അറിഞ്ഞത് ആ ചാനലിലൂടെ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ എത്രയോ നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള കേസുകളും റെയ്ഡുകളും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ കൈകടത്തുന്നു എന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.


ഇതോടൊപ്പം മറ്റ് രാഷ്ട്രീയ വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. മാസപ്പടി കേസില്‍ വീണയുടെ ഡയറിയിലെ കണക്കുകളുടെ കാര്യത്തില്‍ പിണറായി വിജയനും മുഹമ്മദ് റിയാസും നല്‍കുന്നത് പരസ്പര വിരുദ്ധമായ വിശദീകരണങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റായ ഇഡിയുടെ കത്ത് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും, ഇതുസംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന വൈദ്യുത പ്രതിസന്ധിയെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അതിവേഗ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനായി ദീര്‍ഘകാല, ഹ്രസ്വകാല കരാറുകള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു

Tags

Share this story

From Around the Web