രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്; യുവാവിനെതിരെ കേസെടുത്ത് അടൂര്‍ പൊലീസ്
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട യുവാവിനെതിരെ പത്തനംതിട്ട അടൂര്‍ പൊലീസ് കേസെടുത്തു. 'മാര്‍ബറോ' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പോസ്റ്റ് ചെയ്ത ചിറയിന്‍കീഴ് സ്വദേശി അല്‍ റാഷിദിനെതിരെയാണ് നടപടി.
ഇന്ന് (ഒക്ടോബര്‍ 8) രാവിലെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് അല്‍ റാഷിദിന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തന്റെ വീട്ടില്‍ പൊലീസ് എത്തിയതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
ഭാരതീയ ന്യായസംഹിതയിലെ 192, 356 (2) വകുപ്പുകളും കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പുമാണ് ഇയാള്‍ക്കതിരെ ചുമത്തിയിരിക്കുന്നത്. വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയതായും ആരോപണമുണ്ട്. തന്നെ വിമര്‍ശിച്ചതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആകെ 17 പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു, വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു എന്നിങ്ങനെയുള്ള ഗുരുതരമായ പീഡന പരാതികളാണ് രാഹുലിനെതിരെ നിലവിലുള്ളത്. വിദേശത്ത് സ്ഥിരതാമസക്കാരിയായ കോട്ടയം സ്വദേശിനിയെ തിരുവല്ലയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി ക്രൂരപീഡനത്തിനിരയാക്കിയതിലും കേസെടുത്തിട്ടുണ്ട്.