രാഹുൽ വിഷയം: കെപിസിസി നേതൃയോഗത്തിൽ നിന്നും വിട്ടുനിന്ന് ഷാഫി പറമ്പിൽ

വിവാദങ്ങളിൽ ആടിയുലഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ വിളിച്ച കെപിസിസി നേതൃയോഗത്തിൽ പങ്കെടുക്കാതെ ഷാഫി പറമ്പിൽ. കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൂടിയായ ഷാഫി പറമ്പിൽ തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ നടന്ന യോഗത്തിൽ നിന്നാണ് വിട്ടുനിന്നത്. തൃശ്ശൂരിലും കാസർഗോഡ് വിവിധ പരിപാടികൾ ഷെഡ്യൂൾ ചെയ്താണ് നിർണായക യോഗത്തിൽ നിന്നും ഷാഫി ഊരിപ്പോന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ സംബന്ധിച്ച വിഷയങ്ങൾ കെപിസിസി നേതൃയോഗത്തിൽ ചർച്ച ചെയ്യാനെടുക്കുന്നത് കൊണ്ടാണ് ഷാഫി വിട്ടുനിൽക്കുന്നതെന്നതാണ് പറയപ്പെടുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാരോപണക്കേസിന് പുറമേ ഡിജിറ്റൽ മീഡിയ സെൽ പുനഃസംഘടിപ്പിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. വയനാട് ഡിസിസിയുമായി ബന്ധപ്പെട്ട ആത്മഹത്യയും തുടർ സംഭവങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ ഉണ്ടാകും.