റേഡിയോ കോളർ; കാട്ടാനകളുടെ നീക്കങ്ങൾ ഇനി നിരീക്ഷണത്തിൽ! മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ സാങ്കേതികവിദ്യ

 
chakkakomban

തിരുവനന്തപുരം: കാട്ടാനകളുടെ സഞ്ചാരം നിരീക്ഷിക്കാനും മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാനും വനംവകുപ്പ് ഉപയോഗിക്കുന്ന പ്രധാന സാങ്കേതിക സംവിധാനമാണ് റേഡിയോ കോളർ. ആനയുടെ കഴുത്തിൽ ഘടിപ്പിക്കുന്ന ഈ ഉപകരണത്തിലൂടെ സഞ്ചാരദിശ, സ്ഥാനം, സഞ്ചാരപരിധി തുടങ്ങിയ വിവരങ്ങൾ വനംവകുപ്പിന് ലഭിക്കും. 

ജി.പി.എസ്., ഉപഗ്രഹ സാങ്കേതികവിദ്യ എന്നിവയുടെ സഹായത്തോടെയാണ് പ്രധാനമായും റേഡിയോ കോളറുകൾ പ്രവർത്തിക്കുന്നത്. നിശ്ചിത ഇടവേളകളിൽ ആനയുടെ സ്ഥാനം രേഖപ്പെടുത്തുന്ന ഉപകരണം ഈ വിവരങ്ങൾ ഉപഗ്രഹം വഴിയോ മൊബൈൽ നെറ്റ്‌വർക്ക് വഴിയോ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൈമാറും. തുടർന്ന് കമ്പ്യൂട്ടറിലൂടെയോ മൊബൈൽ ഫോണിലൂടെയോ ആനയുടെ സഞ്ചാരം മാപ്പിൽ നിരീക്ഷിക്കാം.

എല്ലാ റേഡിയോ കോളറുകളും ഒരേ രീതിയിലല്ല പ്രവർത്തിക്കുന്നത്. പരമ്പരാഗത വി.എച്ച്.എഫ്. കോളറുകൾ റേഡിയോ സിഗ്നലുകൾ പുറപ്പെടുവിക്കുന്നവയാണ്. പ്രത്യേക ആന്റിനയും റിസീവറും ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് ആനയുടെ ദിശയും ഏകദേശ സ്ഥാനവും കണ്ടെത്താം. ജി.പി.എസ്. കോളറുകൾ ആനയുടെ കൃത്യമായ സ്ഥാനം രേഖപ്പെടുത്തി ഉപഗ്രഹം അല്ലെങ്കിൽ മൊബൈൽ നെറ്റ്‌വർക്ക് വഴി വിവരങ്ങൾ കൈമാറുന്നു. 

പരിശീലനം ലഭിച്ച വെറ്ററിനറി ഡോക്ടർമാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് കോളർ ഘടിപ്പിക്കുന്നത്. ആവശ്യമായ സാഹചര്യത്തിൽ മയക്കുവെടി ഉപയോഗിച്ച് ആനയെ മയക്കി കഴുത്തിൽ കോളർ ഉറപ്പിക്കും. തുടർന്ന് ആനയെ സുരക്ഷിതമായി ഉണർത്തി സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിടും.


മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ

കോളറിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ആന ജനവാസമേഖലയിലേക്ക് നീങ്ങുന്നുണ്ടോ എന്ന് മുൻകൂട്ടി മനസ്സിലാക്കാം. സഞ്ചാരപാത തിരിച്ചറിഞ്ഞ് സമീപപ്രദേശങ്ങളിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും ദ്രുതപ്രതികരണ സംഘങ്ങളെ സമയബന്ധിതമായി വിന്യസിക്കാനും ഇതിലൂടെ കഴിയും. ആനകളുടെ സഞ്ചാരപരിധി, ആവാസമേഖല, സഞ്ചാരശീലങ്ങൾ എന്നിവ പഠിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനൊപ്പം ദീർഘകാല വന്യജീവി സംരക്ഷണ പദ്ധതികൾക്കും വിവരങ്ങൾ പ്രയോജനപ്പെടും. എന്നാൽ ലഭിക്കുന്ന വിവരങ്ങൾ സമയബന്ധിതമായി വിശകലനം ചെയ്യുകയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ഫീൽഡ് സംഘങ്ങളെ സജ്ജമാക്കുകയും ചെയ്യേണ്ടത് നിർണായകമാണ്.

Tags

Share this story

From Around the Web