കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: കരട് പട്ടികയിൽ പേര് വിവരങ്ങൾ എങ്ങനെ പരിശോധിക്കാം
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കേരളത്തിലെ കരട് വോട്ടർ പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വിപുലമായ പരിശോധനാ പ്രക്രിയയാണ്. വീടുതോറുമുള്ള പരിശോധന, പൂരിപ്പിച്ച ഫോമുകൾ, ഓൺലൈൻ അപേക്ഷകൾ, പഴയ വോട്ടർ വിവരങ്ങളുടെ പുതുക്കിയ പരിശോധന എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പട്ടിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും. ഹാർഡ് കോപ്പികൾ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറും.
കരട് പട്ടികയിൽ പേര് എങ്ങനെ പരിശോധിക്കാം
1) വോട്ടർമാർ voters.eci.gov.in/download-eroll എന്ന വെബ്സൈറ്റ് സന്ദർശിച്ച് സംസ്ഥാനവും ജില്ലയും നിയമസഭാ മണ്ഡലവും തിരഞ്ഞെടുക്കുമ്പോൾ, ബൂത്ത് അടിസ്ഥാനത്തിലുള്ള പി.ഡി.എഫ്. ഫയലുകൾ ലഭ്യമാകും.
2) ഇതുകൂടാതെ, EPIC നമ്പർ ഉപയോഗിച്ച് electoralsearch.eci.gov.in വഴിയും പേര് പരിശോധിക്കാം.
3) തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിനൊപ്പം ceo.kerala.gov.in, ECINET മൊബൈൽ ആപ്പ് എന്നിവയിലൂടെയും
4) ബൂത്ത് ലെവൽ ഓഫീസർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എന്നിവരെ സമീപിച്ചും വിവരങ്ങൾ പരിശോധിക്കാം.
കേരളത്തിന് ഒപ്പം മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ ആന്റ് നിക്കോബാർ എന്നിവിടങ്ങളിലെ പട്ടികയും പ്രസിദ്ധീകരിക്കും. സ്ഥലംമാറിയതോ, മരിച്ചു പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ വോട്ടർമാരുടെ പട്ടികയും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
നേരത്തെ, സംസ്ഥാനത്ത് എസ്.ഐ.ആര്‍ പരിഷ്‌കരണ നടപടികളിലൂടെ 24.08 ലക്ഷം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിപിഐഎം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.