വോട്ടർ പട്ടിക തീവ്രപരിഷ്കരണം; കേരളത്തിലും നടപ്പിലാക്കുമെന്ന സൂചനയുമായി അമിത് ഷാ

 
AMITH SHA

വോട്ടർ പട്ടിക തീവ്രപരിഷ്കരണം കൂടുതൽ സംസ്ഥാനങ്ങളിലേക്കെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ അടക്കം വോട്ടർ പരിഷ്കരണം ഉണ്ടാകുമെന്നാണ് അമിത്ഷായുടെ വാക്കുകൾ നൽകുന്ന സൂചന. കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലും അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിലവിൽ ബീഹാറിൽ മാത്രമാണ് വോട്ടർ പട്ടിക തീവ്രപരിഷ്കരണം നടപ്പിലാക്കിയിരിക്കുന്നത്. വോട്ടർ‌പട്ടിക പരിഷ്കരണത്തിനെതിരെ ബിഹാറിൽ ഇന്ത്യാമുന്നണയിലെ കക്ഷികൾ പ്രതിഷേധവുമായി രം​ഗത്തുണ്ട്. തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ടാണ് പ്രതിപക്ഷം പരിഷ്കരണത്തെ എതിർക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

  നേരത്തെ ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തിടുക്കം സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം എന്തിനെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള സുപ്രീം കോടതിയുടെ ചോദ്യം. എന്നാൽ പരിഷ്കരണത്തിൽ യുക്തിയില്ല എന്ന ഹർജിക്കാരുടെ വാദം സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല.

ജനപ്രാതിനിധ്യ നിയമം അനുസരിച്ച് കമ്മീഷന് അതിന് അധികാരമുണ്ട് എന്ന് കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയിലുള്ളവരെ പൗരന്മാര്‍ അല്ലാതാക്കാനാണ് കമ്മീഷന്റെ ശ്രമമെന്നും ഈ പരിഷ്കരണം നിയമത്തിലില്ലാത്ത നടപടിയെന്നുമായിരുന്നു ഹർജിക്കാരുടെ വാദം .

Tags

Share this story

From Around the Web