വംശീയ വിവേചനം മനുഷ്യ അന്തസ്സിന് എതിരായ അനീതിയാണ്
'രാഷ്ട്രീയ ഇച്ഛാശക്തി സമാഹരിക്കുക: അന്താരാഷ്ട്ര വംശീയ വിവേചന നിര്‍മാര്‍ജന ദിനത്തിന്റെ 60 വര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ ന്യൂയോര്‍ക്കില്‍ 2026 മാര്‍ച്ച് 23 ന് നടന്ന വംശീയ വിവേചന നിര്‍മാര്‍ജന ദിനാചരണ യോഗത്തില്‍ ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൗത്യസംഘം പ്രസ്താവന നടത്തി. പ്രസ്താവനയില്‍ വംശീയ വിവേചനത്തെ അപലപിക്കുന്ന പരിശുദ്ധ സിംഹാസനത്തിന്റെ നിലപാട് എടുത്തു പറഞ്ഞു.
വംശീയ വിവേചനം മനുഷ്യ അന്തസ്സിന് എതിരായ കുറ്റകൃത്യമാണെന്നും, മനുഷ്യാവകാശങ്ങളും മൗലികസ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്ന ഗുരുതരമായ അനീതിയുമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സമകാലിക സമൂഹത്തില്‍, വംശീയതയുടെ സംഭവങ്ങള്‍ വിവിധ രൂപങ്ങളിലും തലങ്ങളിലും നിലനില്‍ക്കുന്നുണ്ടെന്നും ഉടനടി തിരിച്ചറിയാന്‍ സാധിക്കാത്തവിധം കൂടുതല്‍ സൂക്ഷ്മവും സങ്കീര്‍ണ്ണവുമായ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും പ്രസ്താവനയില്‍ അടിവരയിട്ടു.
ഡിജിറ്റല്‍ ലോകത്ത്, ഈ വംശീയ വിവേചനത്തിന്റെ പല ഘടകങ്ങളും ഉള്‍ക്കൊള്ളുന്നുണ്ടെന്നും, നിര്‍മ്മിത ബുദ്ധിയുടേത് പോലെയുള്ള മാതൃകകള്‍ രൂപപ്പെടുത്തുന്നത് അവ നിര്‍മ്മിക്കുന്നവരുടെ ലോകവീക്ഷണമാണെന്നും അത് മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കുന്നത് തെറ്റാണെന്നും പറയുമ്പോള്‍ പ്രത്യേകിച്ച് ഡിജിറ്റല്‍ സാക്ഷരതാ മേഖലയില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടികാണിക്കുന്നു.
ഓരോ വ്യക്തിയുടെയും തുല്യ അന്തസ്സും അവകാശങ്ങളും അംഗീകരിക്കാനുള്ള ആത്മാര്‍ത്ഥമായ പ്രതിബദ്ധതയില്ലെങ്കില്‍, രാഷ്ട്രീയ ഇച്ഛാശക്തി അപര്യാപ്തമാണെന്നും പ്രസ്താവനയില്‍ എടുത്തു പറഞ്ഞു.
'മനുഷ്യര്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണ് അവരെ സ്‌നേഹത്തില്‍ നിന്ന് അസ്തിത്വത്തിലേക്ക് കൊണ്ടുവരികയും അതേ സമയം അവരെ സ്‌നേഹിക്കാന്‍ ക്ഷണിക്കുകയും ചെയ്തുവെന്ന ലിയോ പതിനാലാമന്‍ പാപ്പായുടെ വാക്കുകളും അടിവരയിട്ടുകൊണ്ട് ഈ ബോധ്യത്തെ നയങ്ങളിലേക്കും പ്രയോഗങ്ങളിലേക്കും കൊണ്ടുവരുന്നത് വംശീയതയുടെ വേരുകളെ ദുര്‍ബലപ്പെടുത്തുകയും നമ്മുടെ ആഗോള കുടുംബത്തിന്റെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും എടുത്തു പറഞ്ഞു.