ആര്‍. സുഗതന് അനുകൂലമായ കത്ത്, തുടര്‍നടപടിക്ക് പ്രസക്തിയില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍
തിരുവനന്തപുരം: കാപ്പ കേസിലെ പ്രതിയായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് അനുകൂലമായി കത്ത് നൽകിയ സംഭവത്തിൽ തുടര്‍നടപടിക്ക് പ്രസക്തിയില്ലെന്ന നിലപാടില്‍ ആഭ്യന്തര വകുപ്പ്. ആഭ്യന്തരവകുപ്പിന് നല്‍കിയ കത്ത് റദ്ദാക്കുക എന്നത് പ്രായോഗികമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
സുഗതന് കത്ത് നല്‍കിയ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. തദ്ദേശ വകുപ്പ് നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയതെന്നും സ്വന്തമായി തീരുമാനമെടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി. അരുണിമയെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സുഗതന് അനുകൂലമായ കത്ത് വിവാദത്തിൽ ഇനി കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യതയില്ല.
എന്നാൽ സർക്കാരിന്റെ കത്ത് അസാധുവായ സാഹചര്യത്തിൽ, ആർ. സുഗതന് അനുവദിച്ച അവധിക്കും നിയമപരമായ നിലനിൽപ്പില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിൽ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പ്രതിപക്ഷം ഔദ്യോഗികമായി പരാതിയും നൽകിയിട്ടുണ്ട്.