അമേരിക്കന്‍ മണ്ണില്‍ കാല്‍നൂറ്റാണ്ടിന്റെ സുവിശേഷയാത്ര: എംഎസ്എംഐ സന്യാസിനി സമൂഹത്തിന് രജതജൂബിലി

 
Jeevan

ടെക്‌സസ്:  എംഎസ്എംഐ  (മിഷണറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സന്യാസിനി സമൂഹം അമേരിക്കയിലെ  നിസ്വാര്‍ത്ഥ സേവനത്തിന്റെ രജതജൂബിലി ആഘോഷിച്ചു. മിസൂറി സിറ്റിയിലെ സെന്റ് ജോസഫ് സീറോ-മലബാര്‍ ദേവാലയത്തില്‍ നടന്ന കൃതജ്ഞതാ ബലിയും പൊതുസമ്മേളനവും സേവനവഴികളിലെ 25 വര്‍ഷങ്ങളുടെ ഓര്‍മ്മപ്പെടു ത്തലും ദൈവാനുഗ്രഹങ്ങള്‍ക്കുള്ള നന്ദിപ്രകാശനവുമായി മാറി. 

വിശുദ്ധ കുര്‍ബാനക്ക് ചിക്കാഗോ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, നിരവധി വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ  വളര്‍ച്ചയില്‍ എംഎസ്എംഐ സമൂഹം വഹിച്ച പങ്ക് മാര്‍ ആലപ്പാട്ട് വചനസന്ദേശത്തില്‍ എടുത്തുപറഞ്ഞു. കുളത്തുവയലില്‍ എംഎസ്എംഐ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ മോണ്‍. വര്‍ക്കിയച്ചന്റെ  ധ്യാനങ്ങളില്‍ പങ്കെടുത്ത അനുഭവങ്ങള്‍ മാര്‍ ആലപ്പാട്ട് പങ്കുവച്ചു.  


സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ വീഡിയോ സന്ദേശവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഈ സന്യാസിനീ സമൂഹത്തിന്റെ വളര്‍ച്ച ദൈവാനുഗ്രഹത്തിന്റെയും മാതാവിന്റെ നിരന്തരമായ മാധ്യസ്ഥ്യത്തിന്റെയും ഫലമാണെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.

ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ പ്രഥമ മെത്രാനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ എപ്പിസ്‌കോപ്പല്‍ രജതജൂബിലി ആദരവും ഈ ചടങ്ങിന്റെ ഭാഗമായി നടന്നു. 

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ വിവിധ സഭാനേതാക്കളും വിശിഷ്ടാതിഥികളും ആശംസകള്‍ നേര്‍ന്നു. അമേരിക്കന്‍ മണ്ണിലെ എംഎസ്എംഐ സന്യാസിനികളുടെ സുവിശേഷയാത്രയുടെ രജതജൂബിലി, പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങുകളോടെയും മലയാളക്കരയുടെ ആവേശത്തോടെയുമാണ് വിശ്വാസിസമൂഹം ഏറ്റെടുത്തത്. 


കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിന് തനതായ സംഭാവനകള്‍ നല്‍കിയ ഭാഗ്യസ്മരണാര്‍ഹനായ മോണ്‍. സി.ജെ വര്‍ക്കി കുഴികുളം സ്ഥാപിച്ച മലബാറിലെ പ്രഥമ സന്യാസിനി സമൂഹമാണ് എംഎസ്എംഐ.

Tags

Share this story

From Around the Web