പാറ, മെറ്റല്‍, എം സാന്‍ഡ്, പാറപ്പൊടി അടക്കം ക്വാറി ഉത്പ്പന്നങ്ങള്‍ കൊണ്ടുപോവുന്നത് മൂന്നു മാസത്തേക്ക് വിലക്കിയതോടെ കേരളത്തിലെ നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് നിർമാണ വസ്തുക്കൾ കൊണ്ടുപോവുന്നതിന് വിലക്കേർപ്പെടുത്തി കേരളത്തിന് എട്ടിന്റെ പണി നൽകിയിരിക്കുകയാണ് തമിഴ്നാട്. പാറ, മെറ്റൽ, എം സാൻഡ്, പാറപ്പൊടി ഇവയൊന്നും ഇനി മൂന്നു മാസത്തേക്ക്കൊണ്ടുപോകാനിവില്ല.
ക്വാറി ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം കേരളത്തിലെ ദേശീയപാത വികസനം, പാത ഇരട്ടിപ്പിക്കൽ, വിഴിഞ്ഞം തുറമുഖ വികസനം, വിമാനത്താവള വികസനം തുടങ്ങിയ പ്രധാന പദ്ധതികളെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, നിർമ്മാണ സാമഗ്രികളുടെ വില വൻതോതിൽ വർദ്ധിക്കാനിടയാക്കും. കെട്ടിട നിർമ്മാണത്തിനടക്കം ചെലവ് ഉയരുകയും ചെയ്യും.
നിർമ്മാണ മേഖല സ്തംഭനാവസ്ഥയിലാവുന്ന സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി വിജയിന് കത്ത് നൽകിയിരുന്നു. നിർമാണ വസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ വില കുത്തനെ ഉയർന്നതും, ആയിരക്കണക്കിന് വാഹന ഉടമകൾ, തൊഴിലാളികൾ, അനുബന്ധ മേഖലകളിലുള്ളവർ എന്നിവർക്ക് തൊഴിൽ നഷ്ടമുണ്ടാക്കിയതും പ്രധാന പ്രശ്നങ്ങളായി മാറിയിരിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്ന് പാറ, മെറ്റൽ, എംസാൻഡ് പാറപ്പൊടി എന്നീ നിർമാണ വസ്തുക്കൾ അന്യ സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നതിനുള്ള വിലക്ക് തുടരുന്നത് മൂലം ടിപ്പർ ലോറികളിലേറെയും സംസ്ഥാന അതിർത്തിയിലെ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിർത്തിയിട്ടിരിക്കുകയാണ്. ഇവയ്ക്ക് തമിഴ്നാട്ടിലേക്ക് പ്രവേശനമില്ല.വാഹന ഉടമകൾ, തൊഴിലാളികൾ, നിർമാണ അനുബന്ധ മേഖലകളിൽ ഉള്ളവർ എന്നിങ്ങനെ ആയിരങ്ങളാണ് ദുരിതത്തിലായത്.
തിരുവനന്തപുരം അടക്കം തമിഴ്നാട് അതിർത്തി ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷമായത്.
ദിവസേന രണ്ടായിരത്തോളം ടോറസ് ലോറികളിലാണ് നിർമാണ വസ്തുക്കൾ തിരുവനന്തപുരം ജില്ലയിലേക്ക് എത്തിയിരുന്നത്. ആര്യങ്കാവ്, ചെങ്കോട്ട വഴി ലോഡ് കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയും വാഹനങ്ങൾ തടയുന്നുണ്ട്.
നേരത്തേ ഒരു ടൺ മെറ്റലിന് 1100–1200 രൂപയായിരുന്നത്. ഇപ്പോൾ 1600–1700 വരെയായി. എം സാൻഡിന് 1300 ആയിരുന്നത് 1800 വരെയായി. ഒരു ടൺ പാറയ്ക്ക് 1000 ആയിരുന്ന വില 1500 ആയും ഉയർന്നിട്ടുണ്ട്. വാഹന ഉടമകൾ, തൊഴിലാളികൾ നിർമാണ മേഖലയിൽ പണിയെടുക്കുന്നവർ, എന്നിവർക്കു പുറമേ വർക്ക് ഷോപ്പുകൾ, ടയർ പഞ്ചർ കടകൾ എന്നീ അനുബന്ധ തൊഴിലുകളിലുളളവരും പ്രതിസന്ധിയിലായി.
സംസ്ഥാനത്ത് പുരോഗമിക്കുന്ന നിരവധി വികസന പദ്ധതികളെ തമിഴ്നാടിന്റെ നിരോധനം ഗുരുതരമായി ബാധിക്കും. കന്യാകുമാരി– പൻവേൽ ദേശീയപാത 66 വികസനം, തിരുവനന്തപുരം– കന്യാകുമാരി റെയിൽ പാത ഇരട്ടിപ്പിക്കൽ, എറണാകുളം– അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, വിഴിഞ്ഞം തുറമുഖ വികസനം, തിരുവനന്തപുരം വിമാനത്താവളത്തിലെ 600 കോടി രൂപയുടെ വികസന പദ്ധതി എന്നിവ തടസ്സപ്പെടും.
വിമാനത്താവള റൺവേ വികസനത്തിന് തമിഴ്നാട്ടിൽ നിന്നുള്ള പ്രത്യേക തരം സാന്ദ്രത കൂടിയ കല്ലുകൾ മാത്രമേ ഉപയോഗിക്കാനാവൂ. വിഴിഞ്ഞം രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായ പുലിമുട്ട് നിർമിക്കാനായി 50 ലക്ഷം ടൺ കല്ലുകൾ വേണം. 15 ലക്ഷം ടൺ മാത്രമാണ് ഇതുവരെ ലഭിച്ചത്. വിവിധ റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതികളും അവതാളത്തിലാകും.
എം സാൻഡ് കിട്ടാതായതോടെ റെഡിമിക്സ് കോൺക്രീറ്റ് ആവശ്യമുള്ളതിന്റെ പകുതി പോലും ലഭിക്കുന്നില്ല. റെഡി മിക്സ് പ്ലാന്റുകൾ പലയിടത്തും പൂട്ടി. പാത ഇരട്ടിപ്പിക്കൽ പദ്ധതികളിൽ പുതിയ ട്രാക്ക് സ്ഥാപിക്കാൻ മെറ്റൽ വേണം. ഇതു ലഭിക്കാത്തത് തിരുവനന്തപുരം–നേമം പാത കമ്മിഷൻ ചെയ്യുന്നത് വൈകിക്കും. കൊച്ചി മെട്രോ വികസനവും താളംതെറ്റും.
കന്യാകുമാരി, വളളിയൂർ, തിരുനെൽവേലി, തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പാറ, മെറ്റൽ, എം സാൻഡ്, പാറപ്പൊടി തുടങ്ങിയവ വൻതോതിൽ എത്തിച്ചിരുന്നത്. ഇവ കിട്ടാതായതോടെ വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം– കന്യാകുമാരി റയിൽപാത ഇരട്ടിപ്പിക്കൽ, വിവിധ റോഡുകൾ, ഫ്ലാറ്റുകൾ, വീടുകൾ ഉൾപ്പെടെയുളള സ്വകാര്യ നിർമാണ പ്രവൃത്തികൾ എല്ലാം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്.
കേരളത്തിലെ ചെറുകിട ക്രഷറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണമാണ് തമിഴ്നാടിനെ അമിതമായി ആശ്രയിക്കേണ്ടി വന്നത്.2023ൽ സംസ്ഥാനത്ത് ഒട്ടേറെ ക്വാറികളാണ് അടച്ചുപൂട്ടിയത്.