ഭര്‍ത്താവുമായി വഴക്ക്; മര്‍ദിക്കുമെന്ന് ഭയന്ന് പോലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പീഡിപ്പിച്ചു, എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍, 14 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു
 

 
POLICE


 

റാഞ്ചി: ജാര്‍ഖണ്ഡിലെ സെരായികേലയില്‍ പൊലീസ് സ്റ്റേഷനകത്ത് യുവതി ക്രൂരമായ പീഡനത്തിനിരയായ സംഭവത്തില്‍ ഒരു സബ് ഇന്‍സ്‌പെക്ടറും കോണ്‍സ്റ്റബിളും ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍. 


ഒക്ടോബര്‍ 29 രാത്രി ഗംഹാരിയ പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയതിനും ജാഗ്രതക്കുറവ് കാട്ടിയതിനും സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് ഉള്‍പ്പെടെ 14 പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

ഞായറാഴ്ചയാണ് സസ്‌പെന്‍ഷനിലായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ മനോജ് സാഹു, കോണ്‍സ്റ്റബിള്‍ സന്തോഷ് റായ് എന്നിവരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. 

സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരു കോണ്‍സ്റ്റബിളിനെ ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് പ്രാദേശിക കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം മൂന്നായി.

സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സെരായികേല-ഖര്‍സ്വാന്‍ ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് സ്വര്‍ഗിയാരിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് എസ്പിയുടെ നിര്‍ദേശപ്രകാരം അറസ്റ്റ് നടപടികള്‍ സ്വീകരിച്ചത്.


സംഭവത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് സേനാംഗങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ഗംഹാരിയ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് പ്രസാദ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ മനോജ് സാഹു, അനിരുദ്ധ് സിങ്, ഹവില്‍ദാര്‍ മുനേശ്വര്‍ കുമാര്‍, കോണ്‍സ്റ്റബിള്‍ സന്തോഷ് റായ് എന്നിവരെ ശനിയാഴ്ച എസ്പി സസ്‌പെന്‍ഡ് ചെയ്തിരുന്നു.


തുടര്‍ന്ന് ഞായറാഴ്ച ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച, ജാഗ്രതക്കുറവ്, പൊലീസ് സേനയുടെ സല്‍പ്പേരിന് കളങ്കം വരുത്തല്‍ എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒമ്പത് ഉദ്യോഗസ്ഥരെക്കൂടി സസ്‌പെന്‍ഡ് ചെയ്തു. 


സബ് ഇന്‍സ്‌പെക്ടര്‍മാരായ അജയ് പാസ്വാന്‍, ലല്ലന്‍ രവിദാസ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ വിഷു ഒറാവോണ്‍, മുകേഷ് കുജൂര്‍, മുകേഷ് രവിദാസ്, സീതാറാം സിങ് പഹാന്‍, ഹവില്‍ദാര്‍മാരായ പിതാംബര്‍ മഹാതോ, ബഹാദൂര്‍ ഹന്‍സ്ദ, കോണ്‍സ്റ്റബിള്‍ മനോജ് ഗൊരായി എന്നിവര്‍ക്കെതിരെയാണ് ഞായറാഴ്ച നടപടിയെടുത്തത്.

ഭര്‍ത്താവുമായി വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വഴക്കിനെത്തുടര്‍ന്ന് മര്‍ദനമേല്‍ക്കുമെന്ന് ഭയന്നാണ് താന്‍ വീടുവിട്ടിറങ്ങിയതെന്ന് അതിക്രമത്തിനിരയായ യുവതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഗംഹാരിയ പൊലീസ് സ്റ്റേഷനില്‍ എത്തിപ്പെട്ട യുവതിയെയാണ് സ്റ്റേഷനകത്തുവെച്ച് പീഡിപ്പിച്ചത്. കേസില്‍ വിശദമായ തുടരന്വേഷണം നടക്കുകയാണ്.

Tags

Share this story

From Around the Web