യോഗ്യത പത്തും പന്ത്രണ്ടും മാത്രം; 33 വര്ഷം ക്ലിനിക് നടത്തിയ 16 വ്യാജ ഡോക്ടര്മാര് പിടിയില്, പിടിയിലായവരില് പലരും ബിഹാര്, ഉത്തര്പ്രദേശ്, പശ്ചിമ ബംഗാള് സ്വദേശികളാണ്
സൂറത്ത്: മെഡിക്കല് രംഗത്ത് യാതൊരുവിധ യോഗ്യതയുമില്ലാത്ത 16 വ്യാജ ഡോക്ടര്മാര് പിടിയില്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വെറും പത്തും പന്ത്രണ്ടും ക്ലാസ് മാത്രം യോഗ്യതയുള്ള ഇവര് നടത്തിയ ക്ലിനിക്കുകള് വഴി നിരവധി പേര്ക്കാണ് അലോപ്പതി മരുന്നുകള് നല്കി ചികിത്സിച്ചത്.
ബോളിവുഡ് സിനിമയായ 'മുന്നാ ഭായ് എംബിബിഎസ്' എന്ന സിനിമയെ പോലും വെല്ലുന്ന രീതിയിലാണ് ഇവര് ഡോക്ടര്മാരായി നടിച്ച് രോഗികള്ക്ക് മരുന്നുകള് കുറിച്ചു നല്കുകയും കുത്തിവെയ്പ്പുകള് എടുക്കുകയും ഗ്ലൂക്കോസ് ഡ്രിപ്പുകള് നല്കുകയും ചെയ്തെതെന്നാണ് പൊലീസിന്റെ കണ്ടെത്തല്.
പാണ്ഡേസര ഇന്റസ്ട്രിയല് ഏരിയയില് സ്പെഷ്യല് ഓപ്പറേഷന്സ് ഗ്രൂപ്പും ജില്ല ആരോഗ്യ വകുപ്പും ചേര്ന്ന് നടത്തിയ റെയ്ഡിലാണ് ഇവര് പിടിയിലായത്. അറസ്റ്റിലായവരില് മൂന്ന് പേര് മുമ്പും സമാനമായ കുറ്റങ്ങള്ക്ക് പിടിയിലായിട്ടുള്ളവരാണെന്നും പത്താം ക്ലാസ് പാസായ ഒരാള് കഴിഞ്ഞ 33 വര്ഷമായി വിവിധ സ്ഥലങ്ങളിലായി ക്ലിനിക്കുകള് നടത്തിവരികയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ചീഫ് ഡിസ്ട്രിക്റ്റ് ഹെല്ത്ത് ഓഫീസര് അനില് പട്ടേല് സ്പെഷ്യല് ഓപ്പറേഷന്സ് ഗ്രൂപ്പ് ഉണ്ടാക്കി റെയ്ഡ് നടത്തുകയായിരുന്നു. ഈ പ്രദേശത്ത് 16 ക്ലിനിക്കുകളിലാണ് പരിശോധന നടത്തിയത്. പിടിയാലായവരില് പലരും ബിഹാര്, ഉത്തര്പ്രദേശ്, പശ്ചിമ ബംഗാള് സ്വദേശികളാണ്.
ഇവരില് ചിലര് സ്വന്തം സംസ്ഥാനങ്ങളില് ആശുപത്രികളിലോ ഡോക്ടര്മാരുടെ കീഴിലോ സഹായികളായോ മറ്റോ ജോലി ചെയ്തുവരികയായിരുന്നു. തുടര്ന്ന് ഇവര് സൂറത്തിലേക്ക് മാറിയ ശേഷം, ഡോക്ടറാണെന്ന് നടിച്ച് പനി, മലേറിയ തുടങ്ങിയ സാധാരണ രോഗങ്ങള്ക്ക് ചികിത്സ നല്കാന് തുടങ്ങുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഇവരുടെ പേരുവിവരങ്ങള് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ചാന്സി ക്ലിനിക്ക് നടത്തിയിരുന്ന വിനോദ് ബിശ്വാസ് പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂവെങ്കിലും 30 വര്ഷമായി പ്രാക്ടീസ് ചെയ്തുവരികയാണ്. സായ് ധാം ക്ലിനിക്ക് നടത്തിയിരുന്ന 54 കാരനായ സിയാറാം മൗര്യ കഴിഞ്ഞ 24 വര്ഷമായി പ്രാക്ടീസ് ചെയ്തു വരികയാണ്. മഹേന്ദ്ര സിംഗ് യാദവ്, അലോക് സിംഗ്, അജിത് കുമാര് സിംഗ്, ജിതേന്ദ്ര വര്മ്മ, ഗൗതം പ്രസാദ് തുടങ്ങിയവരാണ് മറ്റുപ്രതികള്.