ജിസിസി രാജ്യങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് ഖത്തറിലെന്ന് പുതിയ റിപ്പോര്‍ട്ട്

ദോഹ: ജിസിസി രാജ്യങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് ഖത്തറിലെന്ന് പുതിയ റിപ്പോര്‍ട്ട്. ജിസിസി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ (ജി.സി.സി-സ്റ്റാറ്റ്) പുറത്തിറക്കിയ 2024 ലെ രണ്ടാം പാദത്തിലെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഖത്തറില്‍ തൊഴിലില്ലായ്മ നിരക്ക് കേവലം 0.1 ശതമാനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതായത് തൊഴില്‍ കാര്യക്ഷമതയില്‍ 99.9 ശതമാനത്തോളമാണ് ഖത്തറിന്റെ നേട്ടം. ജി.സി.സിയില്‍ ഏറ്റവും കൂടുതല്‍ പ്രവാസി തൊഴിലാളികളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ഇവിടെ 84.5 ശതമാനം തൊഴിലാളികളും പ്രവാസികളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് ഒമാനിലും സൗദി അറേബ്യയിലുമാണ്. ഒമാനില്‍ 3.6 ശതമാനവും സൗദി അറേബ്യയില്‍ 3.5 ശതമാനവുമാണ്. ജി.സി.സിയില്‍ ആകെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 10.8 ശതമാനവും പുരുഷന്മാരുടേത് 1.6 ശതമാനവുമാണ്.
ഖത്തറിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്ക് 0.4 ശതമാനവും പുരുഷന്മാര്‍ക്ക് 0.1 ശതമാനവും. ഖത്തറില്‍ ഒരു വര്‍ഷത്തിലേറെയായി ഈ നിരക്ക് തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2024 ലെ രണ്ടാം പാദത്തില്‍ ഖത്തറിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 2.2 ദശലക്ഷത്തിലെത്തി. ഇത് മേഖലയിലെ മൊത്തം വിദേശ തൊഴിലാളികളുടെ 8.9 ശതമാനമാണെന്നും ജി.സി.സി-എസ്.ടി.എ.ടി. ഡാറ്റ വെളിപ്പെടുത്തുന്നു.