പരിഭ്രാന്തി പരത്തി മലമ്പാമ്പ്; മദ്യലഹരിയില്‍ പാമ്പിനെ കഴുത്തിലിട്ട് ചുരുട്ടി കളിച്ച് യുവാവ്.അവസാനം സുരക്ഷിതമായി തുറന്നു വിട്ടു
ഉത്തര്‍പ്രദേശ്: ഇറച്ചിക്കടയിലേക്ക് കയറിയ മലമ്പാമ്പിനെ പിടികൂടി കഴുത്തിലിട്ട് ചുരുട്ടി കളിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ ബാരബങ്കിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സുരേഷ് എന്നയാളാണ് പരിഭ്രാന്തി സൃഷ്ടിച്ച മലമ്പാമ്പിനെ നിസ്സാര നേരം കൊണ്ട് ഒട്ടും കൂസലില്ലാതെ കൈയ്യിലെടുത്ത് മാല പോലെ സ്വന്തം കഴുത്തിലിട്ട് കളിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഏകദേശം 15 അടി നീളമുള്ള മലമ്പാമ്പാണ് ഇറച്ചിക്കടയ്ക്കുള്ളില്‍ കയറിയത്. ഉടനെ കടയുടമ പാമ്പിനെ കാണുകയായിരുന്നു. തുടര്‍ന്ന് കടയുടമ ബഹളം വെച്ചതോടെ പ്രദേശവാസിയായ മദ്യലഹരിയിലായിരുന്ന സുരേഷ് ഭയമില്ലാതെ പാമ്പിനടുത്ത് എത്തി സ്വയം രക്ഷ പോലും നോക്കാതെ കൈകൊണ്ട് പിടിക്കുകയായിരുന്നു. പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ മലമ്പാമ്പ് ഇയാളുടെ കൈകളില്‍ ചുറ്റി വരിഞ്ഞുമുറുകുകയും ഒന്നോ രണ്ടോ തവണ കടിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ പാമ്പിന് വിഷമില്ലാത്തതിനാല്‍ ഒടുവില്‍ പാമ്പിന്റെ തലയില്‍ പിടിമുറുക്കിയ ഇയാള്‍, അതിനെ ഒരു മാല പോലെ സ്വന്തം കഴുത്തിലിട്ടു. തുടര്‍ന്ന് പരസ്യമായി അതിനെ വെച്ച് കളിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് നിരവധി പ്രദേശവാസികള്‍ ഇത് കാണാനായി തടിച്ചുകൂടി. കുറെ സമയം പാമ്പുമായി കളിച്ച ശേഷം ഇയാള്‍, സുരക്ഷിതമായി ഒരു വലിയ പാത്രത്തിനുള്ളില്‍ പാമ്പിനെയാക്കി ഈ പാത്രവുമായി പോയി അതിനെ ഒരു ഓടയിലേക്ക് തുറന്നുവിടുകയായിരുന്നു.