അങ്കണവാടി കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് പോഷകാഹാരത്തിന് പകരം നല്‍കിയത് പൂരിയും ഉപ്പും.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു
മധ്യപ്രദേശ്: മധ്യപ്രദേശിലെ മൈഹാര്‍ ജില്ലയിലെ കാക്ര അങ്കണവാടി കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് പോഷകാഹാരത്തിന് പകരം നല്‍കിയത് പൂരിയും ഉപ്പും. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് വിവാദമായി.
പിന്നാലെ വനിതാ-ശിശു വികസന വകുപ്പ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അങ്കണവാടി കേന്ദ്രത്തിലെത്തിയ കുട്ടികള്‍ തങ്ങള്‍ക്ക് ലഭിച്ച ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
വീഡിയോ ചിത്രീകരിക്കുന്നയാള്‍ ഭക്ഷണമായി എന്താണ് ലഭിച്ചതെന്ന് കുട്ടികളോട് ചോദിച്ചപ്പോള്‍ ഒരു പെണ്‍കുട്ടി 'പൂരിയും നമക്കും' എന്നാണ് മറുപടി നല്‍കുന്നത്.
പോഷകസമൃദ്ധമായ ഭക്ഷണം നല്‍കേണ്ട കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് വെറും പൂരിയും ഉപ്പും മാത്രം നല്‍കിയത് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനത്തിന് കാരണമായി.
അതേസമയം, വൈറലായ വീഡിയോ ഇപ്പോഴത്തേതല്ലെന്നും ഏകദേശം മൂന്ന് മാസം പഴക്കമുള്ളതാണെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
അതേസമയം വീഡിയോ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതെന്നും അതിന് പിന്നാലെയാണ് വകുപ്പ് വിഷയത്തില്‍ ഇടപെട്ടതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവം വിവാദമായതിന് പിന്നാലെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ രാജേന്ദ്ര ബാംഗ്‌ഡെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രോജക്ട് ഓഫീസര്‍ അഖിലേഷ് ദീപങ്കറിനാണ് അന്വേഷണ ചുമതല. അദ്ദേഹം കാക്ര അങ്കണവാടി കേന്ദ്രത്തിലെത്തി പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വീഡിയോയുടെ യാഥാര്‍ഥ്യം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും പരിശോധിച്ചുവരികയാണെന്ന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോജക്ട് ഓഫീസറോട് നിര്‍ദേശിച്ചു.
അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം വീഴ്ചയ്ക്ക് ഉത്തരവാദികളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ചട്ടപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.