പൂനെ കൊലക്കേസ്; സിയയുടെ അഭിഭാഷകനെ ചൊല്ലി തര്‍ക്കം; 10 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് വക്കീല്‍
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ പ്രതിശ്രുത വരനായ കേതന്‍ അഗര്‍വാളിനെ ലോഹഗഡ് കോട്ടയിലെ കൊക്കയിലേക്ക് തള്ളിവിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വക്കാലത്തിനെ ചൊല്ലിയും നിയമപോരാട്ടം.
പ്രതിയായ സിയ ഗോയലിന്റെ സഹോദരന്‍ സാഹിലിന് 10 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചിരിക്കുകയാണ് പൂനെയിലെ പ്രമുഖ അഭിഭാഷകന്‍ ആശുതോഷ് ശ്രീവാസ്തവ. സിയയുടെ ഔദ്യോഗിക വക്കീല്‍ ആരാണെന്ന തര്‍ക്കമാണ് പുതിയ നിയമയുദ്ധത്തിന് വഴിവെച്ചിരിക്കുന്നത്.
ജൂണ്‍ 18-ന് സിയ കാമുകന്‍ ചേതന്‍ ചൗധരിയുമായി ചേര്‍ന്ന് കേതന്‍ അഗര്‍വാളിനെ കൊക്കയിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി എന്നതാണ് കേസ്. കേസില്‍ സിയ തനിക്ക് വക്കാലത്ത് ഏല്‍പ്പിച്ചു എന്നാണ് അഡ്വ. അശുതോഷ് ശ്രീവാസ്തവ അവകാശപ്പെടുന്നത്.
എന്നാല്‍, ശ്രീവാസ്തവ ഉന്നയിക്കുന്ന വാദങ്ങള്‍ തെറ്റാണെന്നും തങ്ങളുടെ കുടുംബം അഡ്വ. വിപുല്‍ ദുഷിംഗിനെയാണ് ചുമതലപ്പെടുത്തിയതെന്നും സിയയുടെ സഹോദരന്‍ സാഹില്‍ ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'ആശുതോഷ് ശ്രീവാസ്തവ എന്റെ വക്കീലല്ല, വിപുല്‍ ദുഷിംഗാണ് എന്റെ വക്കീലെന്നും സിയ കോടതിയില്‍ പറയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സാഹിലിന് മാനനഷ്ട നോട്ടീസ് അയച്ചിരിക്കുന്നത്. സിയ തനിക്ക് ഒപ്പിട്ട് നല്‍കിയ വക്കാലത്ത് കൈയ്യിലുണ്ട്. താന്‍ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് കുടുംബാംഗങ്ങള്‍ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുകയാണെന്നും ശ്രീവാസ്തവ അയച്ച നോട്ടീസില്‍ ആരോപിക്കുന്നു.
പ്രായപൂര്‍ത്തിയായ ഒരു പ്രതി സ്വമേധയാ നല്‍കിയ നിയമപരമായ അധികാരത്തെയാണ് കുടുംബം ചോദ്യം ചെയ്യുന്നത്. സാഹിലിന്റെ പ്രസ്താവനകള്‍ തന്റെ പ്രൊഫഷണല്‍ സല്‍പ്പേരിന് കടുത്ത കളങ്കമുണ്ടാക്കിയെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വാര്‍ത്താ പോര്‍ട്ടലുകളിലും നല്‍കിയ അപകീര്‍ത്തികരമായ വീഡിയോകളും പ്രസ്താവനകളും അടിയന്തിരമായി പിന്‍വലിക്കണമെന്നും, 48 മണിക്കൂറിനകം പരസ്യമായി മാപ്പപേക്ഷിക്കണമെന്നുമാണ് സാഹില്‍ ഗോയലിനോട് ശ്രീവാസ്തവ ആവശ്യപ്പെട്ടിരിക്കുന്നത്.
അല്ലെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.