ജൂലൈ മാസം വരെയുള്ള പരിശുദ്ധ പിതാവിന്റെ പ്രധാന പരിപാടികൾ പ്രസിദ്ധീകരിച്ചു

 
Papppa

വിശുദ്ധവാരത്തിന്റെ ആത്മീയ ആഘോഷങ്ങള്‍ക്ക് ശേഷം ലിയോ പാപ്പാ ഏപ്രില്‍ മാസം പതിമൂന്നു മുതല്‍ ഇരുപത്തിമൂന്നു വരെ നീണ്ടു നില്‍ക്കുന്ന ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി യാത്ര തിരിക്കും.

സന്ദര്‍ശനവേളയില്‍ വിശുദ്ധ അഗസ്റ്റിന്റെ ജന്മദേശവും മെത്രാനടുത്ത ശുശ്രൂഷ ചെയ്തതുമായ അള്‍ജീറിയയും ഉള്‍പ്പെടുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. തുടര്‍ന്ന് കാമറൂണ്‍ അംഗോള ഇക്വറ്റോറിയല്‍ ഗിനിയ എന്നീ രാജ്യങ്ങളും പാപ്പാ സന്ദര്‍ശിക്കും.

ഏപ്രില്‍ മാസത്തില്‍ ഈസ്റ്ററിന്റെ നാലാമത്തെ ഞായറാഴ്ചയായ 26-ാം തീയതി രാവിലെ 9:00 മണിക്ക് വത്തിക്കാന്‍ ബസിലിക്കയില്‍ നവവൈദികരുടെ അഭിഷേകകര്‍മ്മത്തിനു പാപ്പാ മുഖ്യകാര്‍മ്മികത്വം വഹിക്കും.

മെയ് മാസം രണ്ടാം തീയതി പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മണിക്ക് റോമിലെ ലാറ്ററന്‍ ബസിലിക്കയില്‍ വച്ച് നടക്കുന്ന മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്ക് പാപ്പാ കാര്‍മ്മികത്വം വഹിക്കും. എട്ടാം തീയതി പരിശുദ്ധ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രമായ പോംപെയിലും നേപ്പിള്‍സ് നഗരത്തിലും പാപ്പാ സന്ദര്‍ശനം നടത്തും. 

പോംപെ ബസിലിക്കയില്‍ പ്രാദേശിക സമയം രാവിലെ 10.30 നു വിശുദ്ധ ബലിയുമര്‍പ്പിക്കും. അതേ മാസം 24 നു പെന്തക്കുസ്താ തിരുനാള്‍ ദിവസം വത്തിക്കാനില്‍ പത്തു മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് പാപ്പാ നേതൃത്വം നല്‍കും.

ജൂണ്‍ മാസം 6 മുതല്‍ 12 വരെ പാപ്പാ തന്റെ നാലാമത് അപ്പസ്‌തോലിക സന്ദര്‍ശനം സ്‌പെയിനിലേക്ക് നടത്തും. ശേഷം 20-ാം തീയതി ശനിയാഴ്ച വിശുദ്ധ അഗസ്റ്റിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പവിയയിലെ സാന്‍ പിയെത്രോ ചേലോ ദി ഓറോ ബസിലിക്കയില്‍ സന്ദര്‍ശനം നടത്തും. 

29 നു വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിവസം പരിശുദ്ധ പിതാവ് വത്തിക്കാനില്‍ വിശുദ്ധ ബലിയര്‍പ്പിക്കുകയും മെത്രാപ്പോലീത്താമാര്‍ക്കുള്ള പാലിയം നല്‍കുകയും ചെയ്യും.

ജൂലൈ മാസം നാലാം തീയതി കുടിയേറ്റക്കാര്‍ എത്തുന്ന ലാമ്പെദൂസ ദ്വീപിലേക്ക് പാപ്പാ സന്ദര്‍ശനം നടത്തും. താല്‍ക്കാലിക ബോട്ടുകളില്‍ നടത്തുന്ന കുടിയേറ്റ ശ്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട നിരവധി പേരുടെ ഓര്‍മ്മ ഉറങ്ങുന്ന ഇടമാണ് ലാമ്പെദൂസ. 

ഈ   ദ്വീപില്‍ ഫ്രാന്‍സിസ് പാപ്പാ  എത്തിയതിന് 13 വര്‍ഷത്തിനുശേഷം ലിയോ പതിനാലാമന്‍ പാപ്പാ സന്ദര്‍ശനം നടത്തുന്ന വേളയില്‍ രാവിലെ വിശുദ്ധ ബലിയും അര്‍പ്പിക്കും.

Tags

Share this story

From Around the Web