ഓണക്കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് റെക്കോര്‍ഡ് നേട്ടം; ബെവ്‌കോയിലൂടെ കുടിച്ചുതീര്‍ത്തത് 771 കോടിയുടെ മദ്യം
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍ നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ബെവ്‌കോ വഴിയുള്ള മദ്യവില്പനയില്‍ ഇത്തവണയും റെക്കോര്‍ഡ് വര്‍ധനവാണുണ്ടായത്. മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, ഹാന്‍ടെക്‌സ് എന്നിവയും വില്‍പനയില്‍ വലിയ കുതിച്ചുചാട്ടം നടത്തി.
ഓണക്കാലത്തെ 8 ദിവസങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ മാത്രം 771 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഉത്രാട ദിനത്തില്‍ മാത്രം 126.31 കോടി രൂപയുടെ മദ്യവില്പന നടന്നു.
സപ്ലൈകോയില്‍ 35 ദിവസം കൊണ്ട് 433.81 കോടി രൂപയുടെ വിറ്റുവരവുണ്ടായി. 53 ലക്ഷത്തിലധികം ആളുകളാണ് സപ്ലൈകോയെ ആശ്രയിച്ചത്. സബ്സിഡി ഇനത്തില്‍ മാത്രം 155.32 കോടി രൂപയുടെ സാധനങ്ങള്‍ വിറ്റഴിച്ചു.
മില്‍മയും ഓണക്കാലത്ത് നേട്ടമുണ്ടാക്കി. ഓണത്തിന് തൊട്ടുമുമ്പുള്ള 5 ദിവസങ്ങളില്‍ 1.45 കോടിയിലധികം ലിറ്റര്‍ പാല്‍ വിറ്റ മില്‍മ 5.61% വളര്‍ച്ച കൈവരിച്ചു. ഓണക്കോടി വില്‍പനയിലൂടെ ഹാന്‍ടെക്‌സും 8 കോടി രൂപയുടെ നേട്ടമുണ്ടാക്കി.
അതേസമയം ഖാദി വിപണിയില്‍ തിരിച്ചടിയാണ് നേരിട്ടത്. 15 കോടി രൂപയുടെ വില്‍പന നടന്നുവെങ്കിലും കഴിഞ്ഞ വര്‍ഷത്തെ 23 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ ഇടിവാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാധനങ്ങളുടെ വരവ് വൈകിയതാണ് കാരണം.
ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ വിപണി ഇടപെടലിന് സാധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.