പൊതുജീവിതവും രാഷ്ട്രീയവും പൊതുനന്മയുടെയും സമാധാനത്തിന്റെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടണം: ലിയോ  പാപ്പാ

 
leo papa



''ലിയോ പതിനാലാമന്‍ അന്താരാഷ്ട്ര പഠനകേന്ദ്രത്തിലെ'' അംഗങ്ങള്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പാ സെപ്റ്റംബര്‍ 18-ന് വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ചു. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ വിവിധ പ്രസ്ഥാനങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയില്‍ വേണ്ട സഹകരണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, പൊതുജീവിതവും രാഷ്ട്രീയവും പൊതുനന്മയും സമാധാനവും പ്രോത്സാഹിപ്പിക്കാന്‍ പരിശ്രമിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.
മോണ്‍സിഞ്ഞോര്‍ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അന്താരാഷ്ട്രതലത്തില്‍ വേണ്ട സഹകരണത്തിന്റെ അനിവാര്യതയും, പൊതുനന്മയ്ക്കും സമാധാനത്തിനും നല്‍കേണ്ട പ്രാധാന്യവും ഉയര്‍ത്തിക്കാട്ടി ലിയോ പതിനാലാമന്‍ പാപ്പാ. ''ലിയോ പതിനാലാമന്‍ അന്താരാഷ്ട്ര പഠനകേന്ദ്രത്തിലെ'' അംഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 18 വെള്ളിയാഴ്ച വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ചയുടെ അവസരത്തില്‍ സംസാരിക്കവേ, രാഷ്ട്രീയവും പൊതുജീവിതവും പൊതുനന്മയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നവയാകണമെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, നിരാശയ്ക്ക് പകരം പ്രത്യാശ പകരുന്നതും വളര്‍ത്തുന്നതുമായ ഒരു വ്യവസ്ഥിതി വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യവും ചൂണ്ടിക്കാട്ടി.

അഗസ്റ്റീനിയന്‍ സന്ന്യാസസഭ ഫ്‌ലോറന്‍സിലെ സാന്തോ സ്പിരിറ്റോ അഗസ്തീനിയന്‍ ആശ്രമം കേന്ദ്രമാക്കി 2025 ഒക്ടോബറില്‍ ലിയോ പതിനാലാമന്‍ പാപ്പായുടെ പേരില്‍ ആരംഭിച്ച അന്താരാഷ്ട്ര പഠനകേന്ദ്രത്തിലെ അംഗംങ്ങള്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയില്‍, വിമര്‍ശനാത്മകചിന്തയുടെയും ശൈലിയുടെയും പ്രാധാന്യവും പാപ്പാ എടുത്തുകാണിച്ചു. ഫ്‌ലോറന്‍സ് നഗരത്തിന്റെ സാംസ്‌കാരിക, മാനവിക പ്രത്യേകതകളിലേക്ക് വിരല്‍ ചൂണ്ടിയ പാപ്പാ, യുദ്ധങ്ങള്‍ക്കു പകരം സമാധാനവും നീതിയുക്തമായ സന്തുലിതാവസ്ഥയും ചേര്‍ന്നാണ് ഒരു നാഗരികത വളരുന്നതെന്ന് അഭിപ്രായപ്പെട്ടു. സഭയുടെ സാമൂഹിക പ്രബോധനങ്ങളെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ, സമകാലീന ലോകത്തിലെ മാറ്റങ്ങളെ മനസ്സിലാക്കേണ്ടതിന്റെ ആവശ്യത്തിലേക്കും ശ്രദ്ധ ക്ഷണിച്ചു.

സര്‍വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പൗര സമൂഹം, സഭാ സ്ഥാപനങ്ങള്‍ എന്നിവയ്ക്കിടയില്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ സഹകരണവും സംവാദവും ശക്തിപ്പെടുത്തണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.

പൊതുജീവിതത്തിലും രാഷ്ട്രീയത്തിലും പൊതുനന്മ, സമൂഹത്തോടുള്ള ഉത്തരവാദിത്വം, ഐക്യദാര്‍ഢ്യം, നീതി, സമാധാനം എന്നിവ മുന്‍നിര്‍ത്തിയുള്ള രൂപീകരണം പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, അഗസ്തീനിയന്‍ ചിന്തയ്ക്ക് വ്യക്തിജീവിതത്തിലും സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളിലും സ്‌നേഹത്തെ നവീകരണത്തിന്റെ തത്വമായി മനസ്സിലാക്കാന്‍ സഹായിക്കാനാകുമെന്ന് പ്രസ്താവിച്ചു. 

Tags

Share this story

From Around the Web