ദുക്‌റാന തിരുനാളിന് പൊതുഅവധി പ്രഖ്യാപിക്കണം: കെസിവൈഎം
തലശേരി: ദുക്‌റാന തിരുനാള്‍ ദിനമായ ജൂലൈ മൂന്നിന് പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളായി കേരളത്തിലെ സീറോ മലബാര്‍ വിശ്വാസിസമൂഹം അതീവ ഭക്തിപൂര്‍വം ആചരിക്കുന്ന തിരുനാള്‍, മതപരമായ പ്രാധാന്യത്തിനപ്പുറം കേരളത്തിന്റെ സാംസ്‌കാരികവും ചരിത്രപരവും സാമൂഹികവുമായ പൈതൃകത്തിന്റെ ഭാഗവുമാണ്.
ലക്ഷക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളിലെ തിരുക്കര്‍മങ്ങളിലും പ്രാര്‍ത്ഥനാശുശ്രൂഷകളിലും കുടുംബ, സമൂഹ ആഘോഷങ്ങളിലും പങ്കെടുക്കുന്ന സാഹചര്യത്തില്‍ ജൂലൈ മൂന്നിന് സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി പ്രഖ്യാപിക്കുന്നത് വിശ്വാസികളുടെ മതസ്വാതന്ത്ര്യത്തെയും വികാരങ്ങളെയും മാനിക്കുന്ന നടപടിയായിരിക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു.
വിശുദ്ധ തോമാശ്ലീഹായുടെ ഭാരതത്തിലെ സുവിശേഷവത്കരണ ദൗത്യവും സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ നല്‍കിയ സംഭാവനകളും പരിഗണിച്ച് അദ്ദേഹത്തിന്റെ ഓര്‍മദിനത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ സമിതികള്‍ക്കും ഇമെയില്‍ മുഖേന നിവേദനം നല്‍കി.
അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തലശേരി അതിരൂപത പ്രസിഡന്റ് അബിന്‍ വടക്കേക്കര, ഡയറക്ടര്‍ ഫാ. അഖില്‍ മാത്യു മുക്കുഴി, ജനറല്‍ സെക്രട്ടറി ജിസ്‌മോന്‍ കുരിക്കാട്ടില്‍, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ജോസ് എസ്എച്ച് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.