ആയിരത്തിയഞ്ഞൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി ചെന്നൈയില്‍ പൊതുപ്രദര്‍ശനം

ചെന്നൈ: 2025 ആഗോള ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ചെന്നൈ ക്രോംപേട്ടിലെ അമലോത്ഭവ ദേവാലയത്തില്‍ ആയിരത്തിയഞ്ഞൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി പൊതുപ്രദര്‍ശനം നടത്തും.
ഓഗസ്റ്റ് 15 മുതല്‍ 17 വരെ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയില്‍ പതിനായിരകണക്കിന് വിശ്വാസികള്‍ എത്തിചേരുമെന്നാണ് കരുതപ്പെടുന്നത്. ചെങ്കല്‍പ്പെട്ട് രൂപത സംഘടിപ്പിക്കുന്ന ഹോളി റെലിക്‌സ് എക്‌സ്‌പോയില്‍ സഭയിലെ അപ്പോസ്തലന്മാര്‍, രക്തസാക്ഷികള്‍, മിസ്റ്റിക്കുകള്‍, മിഷ്ണറിമാര്‍, വേദപാരംഗതര്‍ എന്നിവരുടെ തിരുശേഷിപ്പുകള്‍ പ്രദര്‍ശിപ്പിക്കും.
അവയില്‍ പലതും ദക്ഷിണേന്ത്യയില്‍ ആദ്യമായി പരസ്യമായി പ്രദര്‍ശിപ്പിക്കുന്നവയാണെന്ന പ്രത്യേകതയുമുണ്ട്. ഇത് വെറുമൊരു പരിപാടിയേക്കാള്‍ അപ്പുറത്തുള്ള സംഭവമാണെന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു കൂടിക്കാഴ്ചയാണിതെന്നും ലോകത്തെ രൂപപ്പെടുത്തിയ വിശുദ്ധി അനുഭവിക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്നും ഫാ. ജി. ബാക്കിയ റെജിസ് പറഞ്ഞു.
പ്രത്യാശയുടെ തീര്‍ത്ഥാടകരാകാനുള്ള വത്തിക്കാന്റെ ജൂബിലി ആഹ്വാനത്തെ അടിസ്ഥാനമാക്കിയാണ് ഈ പരിപാടി. പങ്കെടുക്കുന്നവരെ വിശുദ്ധരുടെ ജീവിതത്തിലേക്ക് അടുപ്പിച്ചുകൊണ്ട് അവരുടെ വിശ്വാസം പുതുക്കി ആഴപ്പെടുത്തുവാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുശേഷിപ്പുകളെ വണങ്ങുന്നതിന്റെ ആത്മീയ ഫലങ്ങള്‍ സ്വീകരിക്കാന്‍ വിശ്വാസികളെ ഒരുക്കിക്കൊണ്ട്, എല്ലാ ദിവസവും വിവിധ ഭാഷകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും കുമ്പസാരത്തിനുള്ള അവസരവും ഒരുക്കുന്നുണ്ട്.
ആഗസ്റ്റ് 15 വെള്ളിയാഴ്ച ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനോടും അനുബന്ധിച്ച് മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് ഡോ. എ. എം. ചിന്നപ്പ എസ്ഡിബിയുടെ നേതൃത്വത്തില്‍ തമിഴ് കുര്‍ബാനയോടെയാണ് പരിപാടി ആരംഭിക്കുന്നത്.
തുടര്‍ന്ന് രാവിലെ 8:30ന് ഔദ്യോഗിക ഉദ്ഘാടനവും തിരുശേഷിപ്പ് പ്രദക്ഷിണവും നടക്കും. തമിഴ്, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം തുടര്‍ച്ചയായി ക്രമീകരിച്ചിട്ടുണ്ടെന്നും ചെങ്കല്‍പ്പെട്ട് രൂപത അറിയിച്ചു.