പിഎസ് സി  ക്രമക്കേട്: സൈബര്‍ തെളിവ് ശേഖരിക്കും, ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തിലെ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുക്കും

 
PSC


തിരുവനന്തപുരം: പി.എസ്.സി. നിയമന ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം സൈബര്‍ ഫൊറന്‍സിക് തെളിവ് ശേഖരണത്തിലേക്ക്. 

ആസൂത്രണബോര്‍ഡ് ചീഫ് പരീക്ഷയില്‍ റാങ്ക് തിരിമറിക്ക് ഇടയാക്കിയ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തിലെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ളവ അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും. 

ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സോഫ്റ്റ്വേറും പി.എസ്.സി. ഉപയോഗിക്കുന്ന സോഫ്റ്റ്വേറും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും.

പി.എസ്.സി. പരീക്ഷാനടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനാണ്. സൈബര്‍ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുന്നതിലൂടെ ക്രമക്കേടു നടന്നത് എവിടെ നിന്നാണെന്നും ആരാണ് മുന്‍കൈയെടുത്തതെന്നും കണ്ടെത്താന്‍ കഴിയും.

 സോഫ്റ്റ്വേറില്‍ ഓരോ ഉദ്യോഗസ്ഥരും പ്രവേശിക്കുന്നത് പ്രത്യേക ലോഗിനിലൂടെയാണ്. ഓരോരുത്തരും നല്‍കിയ നിര്‍ദേശങ്ങളും വരുത്തിയ മാറ്റങ്ങളും കണ്ടെത്താനാകും.

ആസൂത്രണബോര്‍ഡ് ചീഫ് പരീക്ഷയില്‍ പരീക്ഷാവിഭാഗം ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി ഹരികുമാര്‍, ഡെപ്യൂട്ടി സെക്രട്ടറി സനല്‍ എന്നിവരുടെ ഇടപെടലുകളാണ് അന്വേഷിക്കുന്നത്. 

പി.എസ്സി. കംപ്യൂട്ടര്‍ സംവിധാനത്തിന്റെയും ഫയല്‍ നീക്കത്തിന്റെയും വിശദാംശം അന്വേഷണസംഘം ശേഖരിച്ചു. ഫയലുകള്‍, ഫയല്‍ നോട്ടുകള്‍ എന്നിവ പരിശോധിക്കും.
ആസൂത്രണബോര്‍ഡിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ അഭിമുഖം നടത്തിയത് പി.എസ്.സി. ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ബോര്‍ഡാണ്. 

പല ഉന്നത തസ്തികളിലേക്കുള്ള നിയമനങ്ങളിലും അഭിമുഖത്തിന് ചിലര്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കിയതും കണ്ടെത്തിയിട്ടുണ്ട്. അനധികൃത മാര്‍ക്ക്ദാനം ആരൊക്കെയാണ് നടത്തിയിട്ടുള്ളതെന്ന് സൈബര്‍ പരിശോധനയില്‍ വ്യക്തമാകും. 

ചെയര്‍മാന്‍ അടക്കം ബോര്‍ഡിലെ ഉന്നതരാണ് അന്വേഷണപരിധിയിലുള്ളത്. അവരുടെ കംപ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.

ക്രൈംബ്രാഞ്ച് പ്രത്യേകസംഘം കൂടുതല്‍ പി.എസ്.സി.പരീക്ഷകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. 2019 മുതല്‍ പി.എസ്.സി.യുടെ പരീക്ഷാവിഭാഗം ചുമതല വഹിച്ച ഉദ്യോഗസ്ഥരുടെ വിവരം ആവശ്യപ്പെട്ട് കത്ത് നല്‍കി. 

അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി എന്നിവര്‍ക്കാണ് ചുമതലയുള്ളത്. ഭൂരിഭാഗം പേരും വിരമിച്ചു. അവരുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരമാണ് തേടിയത്. 

ഇതിനുശേഷം അവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതുവരെ 92 പരാതി ലഭിച്ചു. ആസൂത്രണബോര്‍ഡ് ചീഫിന്റെ കഴിഞ്ഞ രണ്ടുതവണത്തെ വിജ്ഞാപനങ്ങളിലും നിയമനനടപടികളിലും പരാതിയുണ്ട്.


ആദ്യ ബാച്ച് കെ.എ.എസ്., അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സര്‍വകലാശാല പി.ആര്‍.ഒ., ഫിഷറീസ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍, ഡിവൈ.എസ്.പി. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, കയര്‍ഫെഡ് മാനേജര്‍, ഡയറ്റ് ലക്ചറര്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ റിസര്‍ച്ച് ഓഫീസര്‍, ഖാദി ബോര്‍ഡ് വില്ലേജ് ഓയില്‍ ഓഫീസര്‍ തുടങ്ങിയവയെക്കുറിച്ചാണ് പ്രധാനമായും പരാതികള്‍.

Tags

Share this story

From Around the Web