പി.എസ്.സി - ക്രൈംബ്രാഞ്ച് പോര് മുറുകുന്നു: രേഖകൾ നൽകാതെ കോടതിയെ സമീപിക്കാൻ പി.എസ്.സി, കടുത്ത നിലപാടുമായി അന്വേഷണ സംഘം
തിരുവനന്തപുരം: നിയമന തട്ടിപ്പിൽ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതോടെ അന്വേഷണവുമായി സഹകരിക്കുമെന്ന മുൻ നിലപാട് മാറ്റി പി.എസ്.സി. ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി ആവശ്യപ്പെട്ട രേഖകൾ നൽകാനാവില്ലെന്ന നിലപാടെടുത്ത പി.എസ്.സി ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കും.
പരീക്ഷ, മൂല്യനിർണയം വിഭാഗങ്ങളിലെ ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അണ്ടർ സെക്രട്ടറി എന്നിവരെയാണ് ചോദ്യം ചെയ്തത്. അടുത്തത് പി.എസ്.സി ചെയർമാനെയും 2അംഗങ്ങളെയുമാണ്. ഇത് മനസിലാക്കിയതോടെയാണ് അന്വേഷണത്തിന് തടയിടാനുള്ള തന്ത്രം.
പ്ലാനിംഗ് ബോർഡ് നിയമന ക്രമക്കേടിലാണ് പി.എസ്.സി കേസെടുത്തിട്ടുള്ളത്. ഒന്നാം റാങ്കുകാരൻ എഴുതാതെ വിട്ട നാലും തെറ്റിച്ച ആറും ചോദ്യങ്ങൾ ആർക്കും മൂല്യനിർണയം നടത്താതിരുന്നതിനെക്കുറിച്ചാണ് ഉദ്യോഗസ്ഥരോട് ചോദിച്ചത്.
200മാർക്കിനുള്ള വിവരണാത്മക പരീക്ഷയിലെ ഉത്തരക്കടലാസ് നാല് ഭാഗങ്ങളാക്കിയാണ് മൂല്യനിർണയത്തിന് കൈമാറുന്നതെന്നും ഇതിൽ പൊതുവിജ്ഞാനം ഉൾപ്പെട്ട ഒരു ഭാഗം മൂല്യനിർണയത്തിന് കൈമാറാതിരുന്നത് സോഫ്‌റ്റ്‌വെയറിലെ പിഴവായതെന്നുമാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയത്.
ഒന്നാംറാങ്കുകാരന്റേതടക്കം മുഴുവൻ ഉത്തരക്കടലാസുകളും ഫാൾസ് നമ്പറിട്ടാണ് മൂല്യനിർണയത്തിന് കൈമാറിയതെന്നും മൊഴി നൽകി. എന്നാൽ മാസങ്ങൾക്ക് മുൻപേ ക്രമക്കേടുകൾ ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടിയിട്ടും അനങ്ങാതിരുന്നതിന് കാരണം ചോദിച്ചപ്പോൾ മറുപടിയുണ്ടായില്ല.
ഈ തട്ടിപ്പിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ ക്രൈംബ്രാഞ്ചുമായി പി.എസ്.സി സഹകരിച്ചിരുന്നു. രേഖകളെല്ലാം പരിശോധിക്കാനും അനുവദിച്ചു.
കമ്പ്യൂട്ടറുകളും സോഫ്റ്റ്‍വെയറുകളും ലോഗുകളും പരിശോധിക്കാനും വഴിയൊരുക്കി. എന്നാൽ കോടതിയിൽ സമർപ്പിക്കാൻ രേഖകൾ സാക്ഷ്യപ്പെടുത്തി നൽകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതോടെയാണ് പി.എസ്.സി കളംമാറ്റിയത്. സാക്ഷ്യപ്പെടുത്തിയ രേഖകൾ നൽകിയാൽ ഉന്നതർക്ക് കുരുക്കാവുമെന്നതിനാലാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള പുതിയ നീക്കം.
പ്ലാനിംഗ് ബോർഡ് നിയമന ക്രമക്കേടിൽ തട്ടിപ്പ് , വ്യാജരേഖ ചമയ്ക്കൽ , അഴിമതി നിരോധന നിയമങ്ങൾ എന്നിവ ചുമത്തിയാണ് കേസെടുത്തത്. പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച ഉദ്യോഗാർത്ഥി (ചിഫ് തസ്തികയിലേക്ക്) ഉത്തരമെഴുതാതിരുന്ന 54 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണ്ണയ പ്രക്രിയയിൽ നിന്ന് ഒഴിവാക്കിയതായി കണ്ടെത്തിയതാണ് നിർണായകമായത്.
യഥാർത്ഥ രീതിയിൽ മൂല്യനിർണ്ണയം നടന്നിരുന്നെങ്കിൽ ഒന്നാം റാങ്ക് കിട്ടിയ ആൾ ഷോർട്ട് ലിസ്റ്റിൽ പോലും ഉൾപ്പെടില്ലായിരുന്നു. അർഹരായ മറ്റ് ഉദ്യോഗാർത്ഥികൾക്ക് 50-ഓളം മാർക്ക് ഇതിലൂടെ നഷ്ടപ്പെടുകയും, റാങ്ക് ലിസ്റ്റിൽ പിന്നിലാകുകയും ചെയ്തു. റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന രണ്ട് ഉദ്യോഗാർത്ഥികൾ തങ്ങളുടെ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് 10 വിവരണാത്മക ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ മൂല്യനിർണ്ണയ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി പരീക്ഷയിൽ ക്രമക്കേട് കാട്ടിയെന്ന സംശയവുമുണ്ട്. പരീക്ഷാ മൂല്യനിർണ്ണയത്തിന് ഉപയോഗിച്ച സോഫ്റ്റ്‌വെയറിലെ ലോഗിൻ വിവരങ്ങൾ, ഐ.പി വിലാസങ്ങൾ എന്നിവ സംരക്ഷിക്കാനും ലോക്ക് ചെയ്യാനും പി.എസ്.സിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്