പ്രതിഷേധം കനത്തു; മുഖ്യമന്ത്രി വി.ഡി സതീശന്റെ സുരക്ഷ കൂട്ടും; കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും, സുരക്ഷ കൂട്ടണമെന്ന് ഇന്റലിജന്‍സ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു
 

 
vd


 


 
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ നടക്കുന്ന വേദികളിലും പരിസരങ്ങളിലുമായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനം. സുരക്ഷ കൂട്ടണമെന്ന് ഇന്റലിജന്‍സ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. യൂണിഫോമിലുള്ള പൊലീസുകാര്‍ക്ക് പുറമെ മഫ്തിയിലുള്ള ഉദ്യോഗസ്ഥരെയും പരിസ്ഥിതികളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കും.

യാത്രാവേളകളില്‍ അകമ്പടിയായി എസ്‌കോര്‍ട്ട്, പൈലറ്റ് വാഹനങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, പ്രോട്ടോക്കോള്‍ അനുസരിച്ച് ആവശ്യമായ വാഹന വ്യൂഹം തുടരുമെന്നാണ് വിവരം. പരിപാടികള്‍ യാതൊരു തടസവുമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധങ്ങള്‍ ആകാം, എന്നാല്‍ പരിപാടികള്‍ തടസപ്പെടുത്തുന്ന തരത്തിലുള്ള നടപടികളിലേക്ക് പ്രതിഷേധക്കാരെ അനുവദിക്കില്ലെന്നും, ആവശ്യമെങ്കില്‍ കസ്റ്റഡിയിലെടുത്ത് മാറ്റുമെന്നുമാണ് പൊലീസിന്റെ നിലപാട്.

ഇതിനിടയില്‍, ഡല്‍ഹിയില്‍ നിന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം കഴിഞ്ഞെത്തിയ മുഖ്യമന്ത്രിക്ക് നേരെ തിരുവനന്തപുരത്ത് പ്രതിഷേധമുണ്ടായി. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം രാവിലെ കാത്തുനിന്ന യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നേരെ കരിങ്കൊടി കാണിച്ചത്. തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുന്നത്.

Tags

Share this story

From Around the Web