കന്യാസ്ത്രീകളെ ജയിലില്‍ അടച്ച നടപടിക്കെതിരെ പെരിന്തല്‍മണ്ണയില്‍ പ്രതിഷേധം

പെരിന്തല്‍മണ്ണ: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തി കന്യാസ്ത്രീകളെ ജയിലില്‍ അടച്ച നടപടിക്കെതിരെ പെരിന്തല്‍മണ്ണയില്‍ പ്രതിഷേധം ഇരമ്പി. പെരിന്തല്‍മണ്ണ, മരിയാപുരം ഫൊറോനകളിലെ വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ പ്രതിഷേധറാലിയിലും സമ്മേളനത്തിലും നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.
കൊടികളും പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി, പെരിന്തല്‍മണ്ണ ലൂര്‍ദ് പള്ളി പരിസരത്തു നിന്നും ആരംഭിച്ച റാലി നഗരംചുറ്റി പെരിന്തല്‍മണ്ണ സെന്റ് അല്‍ ഫോന്‍സ ദൈവാലയ അങ്കണത്തില്‍ സമാപിച്ചു.
തുടര്‍ന്നു നടന്ന സമ്മേളനം മരിയാപുരം ഫൊറോന വികാരി ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ട്രീസ ഞെരളക്കാട്ട്, ഫാ. സെബാസ്റ്റ്യന്‍ കറുകപ്പറമ്പില്‍, മനോജ് വീട്ടുവേലിക്കുന്നേല്‍, വര്‍ഗീസ് കണ്ണാത്ത്, ഷാന്റോ തകിടിയേല്‍, എ.ജെ.സണ്ണി, ജോര്‍ജ് ചിറത്തലയാട്ട്, ബോബന്‍ കൊക്കപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
നിരപരാധികള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കന്യാസ്ത്രീകളെ നിരുപാധികം വിട്ടയക്കണമെന്നും അവര്‍ക്കെതിരായ വ്യാജക്കേസ് പിന്‍വലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണ മെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പാരിഷ് കൗണ്‍സില്‍, കുടുംബ കൂട്ടായ്മ, കെസിവൈഎം, കത്തോലിക്കാ കോണ്‍ഗ്രസ്, ചെറുപുഷ്പ മിഷന്‍ലീഗ്, കെഎല്‍ സിഎ, മാതൃവേദി, പിതൃവേദി, സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി, യൂദിത്ത് ഫോറം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി.