ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു; രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും
ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. നാളെ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് തുടര്‍ സമരങ്ങള്‍ പ്രഖ്യാപിക്കും.
ഭഗത്സിംഗ് ദിനമായ ഇന്ന് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുകയാണ് ഇടത് പാര്‍ട്ടികള്‍. ഡല്‍ഹിയിലെ ഭഗത്സിംഗ് പ്രതിമയിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ചിന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി നേതൃത്വം നല്‍കും.
അതേസമയം മുംബൈയിലെ പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചത് ഭയം കൊണ്ടെന്ന് സിജെപി കുറ്റപ്പെടുത്തി. പ്രതിഷേധത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്. ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും.
ഇതിന് മുന്നോടിയായി സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള സംയുക്ത പ്രതിഷേധത്തിന് കേജ് രിവാളിന്റെ പിന്തുണ തേടി.
സമ്പൂര്‍ണ്ണ യോഗം ചേര്‍ന്ന് തിരുത്തല്‍ വരുത്തിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനിലെ അസ്വസ്ഥതകള്‍ കെട്ടടങ്ങിയിട്ടില്ല. പശ്ചിമബംഗാളില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട ലക്ഷക്കണക്കിന് ആളുകളുടെ അപ്പീലുകളില്‍ എന്ത് നടപടിയുണ്ടാകും.
ഫോം 6 ഓണ്‍ലൈന്‍ അപേക്ഷകളില്‍ അധികമായി ചേര്‍ത്ത ചോദ്യങ്ങള്‍ ഒഴിവാക്കുമോ, ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ സ്ഥാനത്ത് തുടരുമോ എന്നീ കാര്യങ്ങളിലും തീരുമാനമായിട്ടില്ല.