‘സോനം നിരാഹാരം അവസാനിപ്പിച്ചതിൽ ആശ്വാസം, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ സമരം തുടരും’; അഭിജിത് ദീപ്കേ
ദില്ലിയിലെ ജന്തർമന്തറിൽ നടക്കുന്ന യുവജന – വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, 26 ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ച സോനം വാങ്ചുക് ഉപവാസം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ.
സ്വന്തം ജീവൻ പണയപ്പെടുത്തി രാജ്യത്തിന്റെ മനഃസാക്ഷിയെ ഉണർത്താൻ വാങ്ചുക് കാണിച്ച അസാധാരണമായ ധീരതയെയും ത്യാഗത്തെയും അദ്ദേഹം പ്രകീർത്തിച്ചു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എന്ന പ്രധാന ആവശ്യത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
26 ദിവസത്തെ കഠിനമായ ഉപവാസത്തിനൊടുവിൽ സോനം വാങ്ചുക് സമരം നിർത്തിയത് വലിയ ആശ്വാസമാണെന്നും, അദ്ദേഹത്തിന്റെ ജീവൻ രാജ്യത്തിന് അത്രമേൽ വിലപ്പെട്ടതാണെന്നും ദീപ്കെ എക്സ് കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ, സോനം വാങ്ചുക് സമരം അവസാനിപ്പിച്ചെങ്കിലും വിദ്യാർത്ഥി പ്രക്ഷോഭം അവസാനിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷാ അഴിമതിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന പ്രധാന ആവശ്യത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ദീപ്കെ പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ജന്തർമന്തറിലെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നാണ് വിദ്യാർത്ഥി കൂട്ടായ്മയുടെ നിലപാട്.
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അവതാളത്തിലാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ രാജ്യത്തുടനീളം ശക്തമായ ജനരോഷമാണ് ഉയരുന്നത്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ജന്തർമന്തറിലെ സമരവേദിയിൽ വിദ്യാർത്ഥി കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്.