വൃദ്ധസദനത്തിലെ മര്‍ദനത്തില്‍ പ്രതിഷേധം; പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികളെ തടഞ്ഞ് ഒരു സംഘം പ്രവര്‍ത്തകര്‍, ഓമല്ലൂരില്‍ സംഘര്‍ഷം

 
elohim


കോഴിക്കോട്: പത്തനംതിട്ട ഓമല്ലൂരിലെ ആരാധനാ കേന്ദ്രത്തില്‍ സംഘര്‍ഷം. ഓമല്ലൂരിലെ വൃദ്ധസദനത്തില്‍ 17കാരന് മര്‍ദനമേറ്റ സംഭവത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. വൃദ്ധസദനത്തിന്റെ ഉടമയും പാസ്റ്ററുമായ ബിനുവിന്റെ പ്രാര്‍ത്ഥനാ കേന്ദ്രത്തിലാണ് സംഭവം.


ഞായറാഴ്ച പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. എലോഹിം പ്രാര്‍ത്ഥനാ കേന്ദ്രത്തിന് മുന്നിലായിരുന്നു ബിജെപിയുടെ പ്രതിഷേധം. ബിജെപിയുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൗണ്‍സിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.


ഇതിനെതിരെ ബൈബിള്‍ ഉയര്‍ത്തിയും ആരാധനാലയത്തില്‍ കയറി പ്രാര്‍ത്ഥന നടത്തിയും വിശ്വാസികളും പ്രതിഷേധിച്ചു. അതേസമയം പ്രാര്‍ത്ഥനാ കേന്ദ്രം തുറക്കാന്‍ അനുവദിക്കില്ലെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ നിലപാട്.

  
17കാരനെ മര്‍ദിച്ച കേസില്‍ ഇതിനകം പൊലീസ് പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും എന്നിട്ടും എന്തിനുവേണ്ടിയാണ് ആരാധന തടസപ്പെടുത്തുന്നതെന്നും വിശ്വാസികള്‍ ചോദിക്കുന്നു. അതേസമയം സംഘര്‍ഷം വഷളായതോടെ പൊലീസ് വിഷയത്തില്‍ ഇടപെട്ട് വിശ്വാസികളെ പള്ളിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ പള്ളിക്കുള്ളിലും സംഘര്‍ഷം ഉണ്ടായി. എലോഹിം പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ നിന്നും പിരിഞ്ഞുപോകാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം അറസ്റ്റിലായ മൂന്ന് പ്രതികളുമായി ഈ ആരാധനാ കേന്ദ്രത്തിന് യാതൊരു ബന്ധവുമില്ലെന്ന് പാസ്റ്റര്‍ ബിനു പറഞ്ഞു. ബിജെപി ഭരിക്കുന്ന ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് തന്നോട് വ്യക്തിപരമായ വൈരാഗ്യമുണ്ടെന്നും അതിന്റെ ഭാഗമായാണ് ഈ പ്രതിഷേധങ്ങളെന്നും പാസ്റ്റര്‍ ആരോപിച്ചു.
 

Tags

Share this story

From Around the Web