പ്രിയദര്‍ശിനി പദ്ധതിക്കെതിരെ പ്രതിഷേധം; നവംബര്‍ 3 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു. ബസ് ഉടമ സംയുക്ത സമിതിയുടേതാണ് തീരുമാനം. ഒക്ടോബര്‍ 6ന് ഗതാഗതമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും അനുകൂലമായ യാതൊരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് കടക്കുന്നതെന്ന് ബസുടമകള്‍ പറഞ്ഞു.
സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കുന്നതിനായി സെപ്റ്റംബര്‍ 2ന് സര്‍ക്കാര്‍ പ്രത്യേക കമ്മീഷനെ നിയമിച്ചിരുന്നു. എന്നാല്‍ പത്മനാഭന്‍ കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളൊന്നും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് ബസുടമകള്‍ ആരോപിക്കുന്നു.
നിലവിലെ ഗതാഗതമന്ത്രി കെഎസ്ആര്‍ടിസിക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്വകാര്യ ബസ് വ്യവസായത്തെ പൂര്‍ണമായി തകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും സംയുക്ത സമിതി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ മറ്റു വഴിയില്ലാതെയാണ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുന്നതെന്നും ബസുടമകള്‍ വ്യക്തമാക്കി.
ഇന്ന് മുതല്‍ ബസുടമകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരമിരിക്കുകയാണ്. വിദ്യാര്‍ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കുക, ടിക്കറ്റ് നിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. ഒരോ ദിവസവും രണ്ടുപേര്‍ വെച്ച് നിരാഹാരമിരിക്കും.