ക്രിസ്തീയ വിശ്വാസികള്‍ക്കെതിരായ ബിജെപി ആര്‍എസ്എസ് ആക്രമണത്തിനെതിരെ പ്രതിഷേധിക്കുക: ബിനോയ് വിശ്വം

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്ത ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി ഘടകങ്ങളും വിപുലമായ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഹ്വാനം ചെയ്തു.
ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി വാഴ്ചയിന്‍ കീഴില്‍ ക്രിസ്തീയ സമൂഹമടക്കമുള്ള ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളാണ് ഛത്തീസ്ഗഡില്‍ മറനീക്കി പുറത്തുവന്നത്. കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ബജ്‌റംഗ്ദള്‍ ആര്‍എസ്എസ് കുടുംബാംഗവും ബിജെപിയുടെ ആശയ മച്ചുനനും ആണ്.
രാജ്യത്ത് ആകെ ഒളിഞ്ഞും തെളിഞ്ഞും ആര്‍എസ്എസ് നടത്തുന്ന ക്രിസ്തീയ വിരുദ്ധ ആക്രമണ പരമ്പരയില്‍ ചിലതുമാത്രമാണ് പുറംലോകം അറിഞ്ഞത്. ഇതെല്ലാം സംഭവിക്കുമ്പോഴും ക്രിസ്തീയ പുരോഹിതന്മാരില്‍ ഒരു വിഭാഗം ബിജെപിയോട് പുലര്‍ത്തുന്ന വിധേയത്വം ന്യൂനപക്ഷങ്ങളെ ആകെ അമ്പരപ്പിക്കുന്നതാണ്.
ക്രിസ്ത്യന്‍ മുസ്ലിം വൈരം വളര്‍ത്തി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ആര്‍എസ്എസ് തന്ത്രത്തിന്റെ കൈക്കാരന്മാരാകുന്ന അപൂര്‍വ്വം ബിഷപ്പുമാരെങ്കിലും ഉണ്ട്.
ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെ കേക്കുമായി അരമനകളില്‍ ചെല്ലുന്ന ബിജെപി നേതാക്കന്മാരെ മുഖവിലയ്‌ക്കെടുത്തവരാണവര്‍. അവരെ വിശ്വസിച്ച വിശ്വാസികളാണ് ഇന്ന് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് തെരുവിലിറങ്ങിയിരിക്കുന്നത്.
ഛത്തീസ്ഗഡില്‍ നടന്ന ഈ അതിക്രമങ്ങള്‍ക്ക് ശേഷം ബിജെപിയുടെ കേന്ദ്ര നേതൃത്വവും കേരള നേതൃത്വവും അന്യോന്യം കണ്ണിറുക്കി കാണിക്കുകയും ജനങ്ങളെ ആകെ വഞ്ചിക്കുകയും ആണ് ചെയ്യുന്നത്.
മതന്യൂനപക്ഷങ്ങളുടെ ആരാധനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവര്‍ക്കൊപ്പം പ്രതിജ്ഞാബദ്ധമായി നിലകൊള്ളും. എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.