രണ്ടാഴ്ചയോളം കിണറ്റില്‍ കുത്തിനിറച്ച് സംരക്ഷണം; വനശ്രീയില്‍ 20 പെരുമ്പാമ്പുകള്‍ ചത്തു, കണ്ടത് പുഴുവരിച്ച് ദുര്‍ഗന്ധം വമിച്ചപ്പോള്‍
രാമനാട്ടുകര (കോഴിക്കോട് ): കോഴിക്കോട് ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്ന് വനംവകുപ്പിന്റെ ദ്രുതകര്‍മസേന (ആര്‍.ആര്‍.ടി.) പിടികൂടി മാത്തോട്ടം വനശ്രീയില്‍ എത്തിച്ച പെരുമ്പാമ്പുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. വനശ്രീയുടെ വളപ്പില്‍ ഇന്‍സ്‌പെക്ഷന്‍ ബെംഗ്ലാവിനോടുചേര്‍ന്നുള്ള കിണറ്റില്‍ സൂക്ഷിച്ചിരുന്ന 20 പെരുമ്പാമ്പുകളാണ് ചത്തത്. സെപ്റ്റംബര്‍ 30-ന് പുഴുവരിച്ചനിലയിലാണ് ഇവയെ പുറത്തെടുത്തതെന്ന് ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍ തയ്യാറാക്കിയ മഹസറില്‍ പറയുന്നു.
അതേസമയം രണ്ടാഴ്ചയോളം അശ്രദ്ധയോടെ കിണറ്റില്‍ അട്ടിക്കിട്ടതാണ് പാമ്പുകളുടെ മരണത്തിനിടയാക്കിയതെന്ന് ആരോപണമുയരുന്നുണ്ട്.. കിണറ്റില്‍നിന്ന് ദുര്‍ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് വാച്ചര്‍മാരും ആര്‍.ആര്‍.ടി.കളും നടത്തിയ പരിശോധനയിലാണ് ചത്ത പാമ്പുകളെ കണ്ടെത്തിയത്. പുഴുവരിച്ച പെരുമ്പാമ്പുകളുടെ ജഡങ്ങള്‍ക്കു മുകളില്‍നിന്ന് 43 ജീവനുള്ള പെരുമ്പാമ്പുകളെയും പുറത്തെടുത്തു. ഇവയുടെ ഭാരം താങ്ങാനാവാതെയാണ് മറ്റുള്ളവ ചത്തതെന്നും മഹസറിലുണ്ട്. ജഡങ്ങള്‍ക്ക് അഞ്ചുദിവസത്തെ പഴക്കമുണ്ട്.
വനംവകുപ്പ് ആന, പുലി എന്നീ മൃഗങ്ങള്‍ക്കൊപ്പം ഷെഡ്യൂള്‍ഡ് വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജീവികളാണ് പെരുമ്പാമ്പ്.
ഒരു ചെറിയ റിങ് കിണറിന് സമാനമായി വാവട്ടം മാത്രമുള്ള കിണറാണിത്. അഞ്ചടി മാത്രമാണ് ആഴം. താമരശ്ശേരി റേഞ്ചിനു കീഴിലുള്ള ആര്‍.ആര്‍.ടി.മാര്‍ ഓരോ ആഴ്ചയിലും കിണറില്‍നിന്ന് പാമ്പുകളെ പുറത്തെടുത്ത് കാട്ടില്‍വിടുകയാണ് പതിവ്. എന്നാല്‍, ഇത്തവണ രണ്ടാഴ്ചയോളമായി ഇവയെ കിണറ്റില്‍ അട്ടിക്കിട്ടെന്നാണ് ആരോപണം.
പിടികൂടുന്ന പാമ്പുകളെ അശാസ്ത്രീയമായാണ് കിണറില്‍ കൊണ്ടിടുന്നതെന്നും ആക്ഷേപമുണ്ട്. കിണറിന്റെ ഏറ്റവും അടിയില്‍ക്കിടന്ന പാമ്പുകളാണ് ചത്തത്. വിഷമുള്ള പാമ്പുകളെയും ഇല്ലാത്തവയെയും സൂക്ഷിക്കാന്‍ കിണറുകളുടെ സ്വഭാവത്തിലുള്ള കുഴികളും ഇവിടെയുണ്ട്.