കുഞ്ഞിക്കാലത്തിന് കരുതലിന്റെ കാവൽ; ചെറിയ കുഞ്ഞുങ്ങൾ വലിയ സാധ്യതകൾ : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രീമെച്യൂരിറ്റി ദിനാചരണം നടത്തി
തിരുവല്ല: മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അതിജീവനത്തിനൊപ്പം ആരോഗ്യകരമായ വളർച്ചയും ഭാവിയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ലോക പ്രീമെച്യൂരിറ്റി ദിനം ആചരിച്ചു. ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലെ നിയോനേറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ദിനാചരണം. 'സ്മോൾ ബേബീസ്, ബിഗ് പൊട്ടൻഷ്യൽ' എന്നതായിരുന്നു ഈ വർഷത്തെ സന്ദേശം. ചടങ്ങിൽ ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ സണ്ണി കുരുവിള അധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ഏബൽ കെ. സാമുവൽ, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. പാറ്റ്സി വർഗീസ്, നിയോനേറ്റോളജി വിഭാഗം മേധാവി ഡോ. സുമിത അരുൺ, സീനിയർ കൺസൾട്ടന്റ് ഡോ. അനീഷ് ഡി.എൽ. ചീഫ് നഴ്സിങ് ഓഫീസർ മിനി സാറാ തോമസ് , റവ ഫാ തോമസ് വർഗീസ് എന്നിവർ പങ്കെടുത്തു.
ഗർഭകാലം 37 ആഴ്ച പൂർത്തിയാകുന്നതിനു മുമ്പു ജനിക്കുന്ന കുഞ്ഞുങ്ങളെയാണു പ്രീ ടേം കുഞ്ഞുങ്ങൾ എന്നു വിളിക്കുന്നത്. പൂർണമായി വികസിക്കാത്ത ശ്വാസകോശം, പ്രതിരോധശേഷിക്കുറവ്, ശരീരതാപനില നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഇവർ നേരിടുന്നു. എൻഐസിയുവിലെ വിദഗ്ധ പരിചരണത്തിനൊപ്പം ആശുപത്രി വിട്ട ശേഷവും ശരീരഭാരം, കാഴ്ച, കേൾവി, തലച്ചോറിന്റെ വളർച്ച എന്നിവ കൃത്യമായി നിരീക്ഷിക്കേണ്ടതു പ്രധാനമാണ്. സമയത്തിനു മുമ്പ് ജനിച്ചതുകൊണ്ട് ഒരു കുഞ്ഞിന്റെ സാധ്യതകൾ പരിമിതപ്പെടുന്നില്ല. ശരിയായ ചികിത്സയും സ്നേഹപൂർവമായ തുടർപരിചരണവും ലഭിച്ചാൽ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കും ആരോഗ്യകരമായ ഭാവി സ്വന്തമാക്കാനാകുമെന്ന സന്ദേശമാണു ദിനാചരണം മുന്നോട്ടുവച്ചത്. ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രി അധികൃതരും പ്രീമെച്യൂർ കുഞ്ഞുങ്ങളുടെ രക്ഷിതാക്കളും ചേർന്നു കേക്ക് മുറിച്ചു.