ദുർബലരായ ആളുകളെ സംരക്ഷിക്കുക എന്നത് പ്രഥമമായി നീതിയുടെ പ്രശ്നമാണ്: പാപ്പാ

 
Leo 14

സഹേൽ മേഖലയിലെ 9 രാജ്യങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള, സഹേലിനായുള്ള ജോൺ പോൾ രണ്ടാമൻ ഫൗണ്ടേഷൻ അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും , സന്ദേശം നൽകുകയും ചെയ്തു. ഇന്ന് ലോകം സമാധാനത്തിനായി ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും, ഉയിർത്തെഴുന്നേറ്റ കർത്താവ് നൽകുന്ന സമാധാനത്തിന്റെ അഭിവാദ്യം ക്രിസ്ത്യാനികൾക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും, അത്  നിത്യതയുടെ  ശ്വാസം ഉൾക്കൊള്ളുന്നുവെന്നും പാപ്പാ പറഞ്ഞു.

റോമൻ കൂരിയയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ പാപ്പാ അഭിനന്ദിച്ചു. അന്താരാഷ്ട്ര തലത്തിൽ ബഹുമുഖ സാമ്പത്തിക പ്രതിസന്ധികളുമായി ബന്ധപ്പെട്ട ബാഹ്യ വെല്ലുവിളികളുടെ അടിസ്ഥാനത്തിലാണ്, ഫൗണ്ടേഷന്റെ ചട്ടങ്ങൾ പുതുക്കിയതെന്നും, എന്നാൽ ഇതിനോട് ക്രിയാത്മകമായി സഹകരിക്കുവാൻ മനസു കാണിച്ച ഏവരോടും താൻ നന്ദി പറയുന്നുവെന്നും പാപ്പാ പറഞ്ഞു.

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, അസമത്വം, യുദ്ധങ്ങൾ, അരക്ഷിതാവസ്ഥ, ഭീകരവാദം, രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരത, കാലാവസ്ഥാ പ്രതിസന്ധികൾ, കുടിയേറ്റം  തുടങ്ങിയ സങ്കീർണ്ണമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ലോകത്ത്, ഫൗണ്ടേഷന്റെ ദൗത്യത്തിന്റെ പ്രസക്തി എന്നത്തേക്കാളും വളരെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.  ഒരു പ്രകൃതിക്ഷോഭത്തിന്റെ ഇരകളെയോ ദുർബലരായ ആളുകളെയോ രക്ഷിക്കുക എന്നത് പ്രഥമമായി നീതിയുടെ പ്രശ്നമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

ഫൗണ്ടേഷന്റെ യാത്രയിൽ പലതരത്തിലുള്ള തടസങ്ങൾ ഉണ്ടാവുമെങ്കിലും, പ്രതീക്ഷ കൈവിടാതെയും, നവമായ പ്രതിബദ്ധതയോടെയും അംഗങ്ങളേവരും, ഒരുമിച്ച് ഒരേ  മനോഭാവത്തോടെ മുന്നോട്ട് പോകുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web