കേരള ജനതയുടെ ജീവൻ സംരക്ഷിക്കുകയാണ് പ്രഥമ പരിഗണന ; മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ നയസമീപനം അനിവാര്യം
– മുല്ലപ്പെരിയാർ ഏകോപന സമിതി ജനറൽ കോ-ഓർഡിനേറ്റർ സാബു ജോസ്
കേരളത്തിലെ അഞ്ച് ജില്ലകളിലായി ഏകദേശം 1.25 കോടി ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന അതീവ ഗൗരവമുള്ള പൊതുസുരക്ഷാ വിഷയമായി 130 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിനെ പരിഗണിക്കണമെന്ന് മുല്ലപ്പെരിയാർ ഏകോപന സമിതി (MCC) ജനറൽ കോ-ഓർഡിനേറ്റർ സാബു ജോസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
2026 ജൂൺ 29-ന് കേരള മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും സമർപ്പിച്ച നിവേദനത്തിൽ, മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വതവും നീതിപൂർവകവുമായ പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി സ്വീകരിക്കേണ്ട നിർണായക നടപടികളാണ് മുല്ലപ്പെരിയാർ ഏകോപന സമിതി മുന്നോട്ടുവച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിവേദനത്തിൽ പ്രധാനമായും താഴെപ്പറയുന്ന ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
130 വർഷം പഴക്കമുള്ള നിലവിലെ മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കണം. ജനങ്ങളുടെ ജീവസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി നിയമസഭ ഒന്നിച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
1886-ലെ മുല്ലപ്പെരിയാർ കരാറും 1970-ലെ അനുബന്ധ കരാറും ഇന്നത്തെ യാഥാർഥ്യങ്ങളും ഭരണഘടനാപരമായ സാഹചര്യങ്ങളും കണക്കിലെടുത്ത് സമഗ്രമായി പുനഃപരിശോധിക്കണം. കാലഹരണപ്പെട്ട കരാറുകളുടെ പേരിൽ കേരള ജനതയുടെ സുരക്ഷ അപകടത്തിലാക്കാൻ പാടില്ല.
1984-ൽ കാലാവധി അവസാനിച്ച സിറുവാണി കരാറിന്റെ അടിസ്ഥാനത്തിൽ തമിഴ്നാടിന് നൽകിവരുന്ന 1.3 ടി.എം.സി. വെള്ളം, മുല്ലപ്പെരിയാർ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം, പരമ്പിക്കുളം–ആളിയാർ ജലവിഹിത കരാർ, തമിഴ്നാടിന്റെ യഥാർഥ ജല ഉപഭോഗ വിവരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി വിലയിരുത്തിയശേഷം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ദുരന്തസാധ്യത കുറയ്ക്കൽ ഏജൻസിയായ UNDRR (United Nations Office for Disaster Risk Reduction) മുഖേന സ്വതന്ത്രവും അന്താരാഷ്ട്ര നിലവാരത്തിലുള്ളതുമായ സുരക്ഷാ പരിശോധന നടത്താൻ കേന്ദ്രസർക്കാരിനോട് കേരള സർക്കാർ ആവശ്യപ്പെടണമെന്നും നിവേദനത്തിൽ പറയുന്നു.
2014 മേയ് 7-ലെ സുപ്രീംകോടതി വിധിയിലെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, നിലവിലെ അണക്കെട്ടിനെ ആശ്രയിക്കാതെ തമിഴ്നാടിന് ആവശ്യമായ ജലവിതരണം ഉറപ്പാക്കാൻ കഴിയുന്ന ബദൽ സംവിധാനങ്ങളെക്കുറിച്ച് സമഗ്രമായ സാങ്കേതിക സാധ്യതാപഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള സർക്കാർ ഇനി ഈ വിഷയത്തെ ഒരു ജലവിഹിത തർക്കമായി മാത്രം കാണാതെ, ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ട ദുരന്തനിവാരണ വിഷയമായാണ് സമീപിക്കേണ്ടതെന്ന് സാബു ജോസ് അഭിപ്രായപ്പെട്ടു.
ഇതുവരെ നിലനിന്നിരുന്ന "തമിഴ്നാടിന് വെള്ളം" എന്ന ഏകപക്ഷീയ സമീപനത്തിൽ നിന്ന് മാറി, "കേരള ജനതയുടെ ജീവൻ സംരക്ഷിക്കുന്നതിനൊപ്പം തമിഴ്നാടിന്റെ ന്യായമായ ജലാവശ്യവും ഉറപ്പാക്കുക" എന്ന സമതുലിതവും മനുഷ്യകേന്ദ്രിതവുമായ പുതിയ നയസമീപനമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളും, ജനപ്രതിനിധികളും, ശാസ്ത്രജ്ഞരും, നിയമവിദഗ്ധരും, പരിസ്ഥിതി പ്രവർത്തകരും, സാമൂഹിക സംഘടനകളും, പൊതുജനങ്ങളും ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കേരള സർക്കാർ ഈ വിഷയത്തിൽ കേന്ദ്രസർക്കാരുമായി ശക്തമായ ഇടപെടൽ നടത്തുകയും, രാജ്യത്തിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ശ്രദ്ധ ഈ വിഷയത്തിലേക്ക് കൊണ്ടുവരികയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ജനതയുടെ ജീവൻ ഒരു വിലപേശൽ വിഷയമല്ല. ജീവസുരക്ഷ ഉറപ്പാക്കിക്കൊണ്ട് തമിഴ്നാടിന്റെ ന്യായമായ ജലാവശ്യവും സംരക്ഷിക്കുന്ന ശാശ്വത പരിഹാരമാണ് മുല്ലപ്പെരിയാർ പ്രശ്നത്തിന് വേണ്ടത്. ഈ ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ അടിയന്തരവും ധീരവുമായ നടപടികൾ സ്വീകരിക്കണമെന്ന് മുല്ലപ്പെരിയാർ ഏകോപന സമിതി ആവശ്യപ്പെടുന്നതായും സാബു ജോസ് പ്രസ്താവനയിൽ പറഞ്ഞു.
സാബു ജോസ്
9446329343.
(ജനറൽ കോ-ഓർഡിനേറ്റർ
മുല്ലപ്പെരിയാർ ഏകോപന സമിതി (MCC))