മറ്റുള്ളവരെ സംരക്ഷിക്കുമ്പോള്‍ സ്വന്തം ഹൃദയത്തെയും കാത്തുസൂക്ഷിക്കുക: വത്തിക്കാന്‍ പൊലീസിനോട് ലെയോ പാപ്പ

 
LEO PAPA


മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്ന കടമ നിര്‍വഹിക്കുമ്പോള്‍ സ്വന്തം ഹൃദയത്തെയും മനസ്സിനെയും തിന്മകളില്‍ നിന്ന് കാത്തുസൂക്ഷിക്കാന്‍ വത്തിക്കാന്‍ പൊലീസിനോട് ലെയോ പതിനാലാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാന്‍ തോട്ടത്തിലെ ലൂര്‍ദ് കപ്പേളയില്‍ വത്തിക്കാന്‍ പൊലീസിന്റെ സംരക്ഷകനായ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാളിനോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിയിലാണ് മാര്‍പാപ്പ ഈ സന്ദേശം നല്‍കിയത്.

മറ്റുള്ളവരെ സംരക്ഷിക്കുന്നവര്‍ സത്യം, നീതി, നന്മ, ബഹുമാനം എന്നിവ ആദ്യം സ്വന്തം ഉള്ളില്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. കര്‍മ്മരംഗത്ത് ജാഗ്രത പാലിക്കുന്നതിനോടൊപ്പം തന്നെ സ്വന്തം മനഃസാക്ഷിയെയും ഹൃദയത്തെയും ദൈവത്തോട് ചേര്‍ത്തുവയ്ക്കാനും മാര്‍പാപ്പ ഉദ്യോഗസ്ഥരെ ഉപദേശിച്ചു.

കേവലം ഒരു ഉദ്യോഗസ്ഥ സംഘം എന്നതിലുപരി, പരസ്പരം സ്‌നേഹത്തോടും ലാളിത്യത്തോടും കൂടി താങ്ങായി നിലകൊള്ളുന്ന ഒരു സമൂഹമായി മാറാന്‍ പാപ്പ പ്രത്യേകം ആഹ്വാനം ചെയ്തു. സന്ദേശത്തില്‍ വത്തിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന അവരുടെ കുടുംബങ്ങളുടെ തരംതിരിക്കാനാവാത്ത ത്യാഗങ്ങളെയും കഠിനാധ്വാനത്തെയും മാര്‍പാപ്പ പ്രത്യേകം സ്മരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

Tags

Share this story

From Around the Web