കുഞ്ഞുങ്ങള്‍ക്ക് സുരക്ഷയേകാം! സംസ്ഥാനത്ത് നാളെ പള്‍സ് പോളിയോ വിതരണം, 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന്
തിരുവനന്തപുരം: പോളിയോ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് ജൂണ്‍ 28 ഞായറാഴ്ച നടക്കും. അഞ്ചു വയസിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരു ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അഭ്യര്‍ത്ഥിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 28 ഞായറാഴ്ച രാവിലെ 8 മണിക്ക് തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ മന്ത്രി നിര്‍വ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുള്ള 19,80,224 കുട്ടികള്‍ക്കാണ് ഇത്തവണ തുള്ളിമരുന്ന് നല്‍കുന്നത്. കുട്ടികള്‍ക്ക് സുരക്ഷിതമായി വാക്‌സിന്‍ എത്തിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തുടനീളം 22,288 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍, വായനശാലകള്‍ എന്നിവ ഇതിനായി ഉപയോഗിക്കും. പ്രത്യേക പരിശീലനം ലഭിച്ച 46,663 സന്നദ്ധപ്രവര്‍ത്തകരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബോട്ട് ജെട്ടികള്‍ എന്നിവിടങ്ങളിലായി 539 ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവമേളകള്‍ എന്നിവ കേന്ദ്രീകരിച്ച് 283 മൊബൈല്‍ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.
ഞായറാഴ്ച പള്‍സ് പോളിയോ ബൂത്തുകളില്‍ എത്തിക്കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജൂണ്‍ 29, 30 തീയതികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തി കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും. വാക്‌സിന്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഐഎല്‍ആര്‍, ഡീപ് ഫ്രീസര്‍, കോള്‍ഡ് ബോക്‌സ് തുടങ്ങിയ ശീതീകരണ സംവിധാനങ്ങളെല്ലാം പൂര്‍ണ്ണ സജ്ജമാണ്. ആരോഗ്യവകുപ്പിനൊപ്പം ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, കുടുംബശ്രീ, റോട്ടറി ഇന്റര്‍നാഷണല്‍ തുടങ്ങിയ വിവിധ സര്‍ക്കാര്‍-സന്നദ്ധ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ മഹായജ്ഞം നടക്കുന്നത്.