വൈകുന്നതിന് മുന്‍പ് സിറിയയിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കൂ; അന്താരാഷ്ട്ര സമൂഹത്തോട് യൂറോപ്യന്‍ സിറിയക് യൂണിയന്‍

ബ്രസ്സല്‍സ്: സിറിയയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള സമൂഹങ്ങളെ ആശങ്കയും അടിയന്തിരാവസ്ഥയും നിരാശയിലാഴ്ത്തിയിരിക്കുകയാണെന്നും രാജ്യത്തിന്റെ തെക്കന്‍ പ്രദേശത്തെയും മറ്റ് പ്രദേശങ്ങളിലെയും ചരിത്ര പ്രാധാന്യമുള്ള ക്രിസ്ത്യന്‍ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് വേഗത്തിലും കൃത്യമായും നടപടികള്‍ സ്വീകരിക്കണമെന്നും യൂറോപ്യന്‍ സിറിയക് യൂണിയന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 11ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മധ്യപൂര്‍വ്വേഷ്യയില്‍ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ സമൂഹം, അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നില്‍ 'മന്ദഗതിയിലുള്ള വംശനാശം' ആണ് നേരിടുന്നതെന്നും എന്നാല്‍ വിഷയത്തിന്റെ ഗൗരവം വലുതാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
സിറിയയിലെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ (എച്ച്ടിഎസ്) നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍, ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യമിട്ടുള്ള വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളിലും കൂട്ടക്കൊലകളിലും സംഘടന അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.
ദാരയിലെ ഗ്രാമപ്രദേശമായ തിബ്നെ പട്ടണത്തില്‍ മഹര്‍ ഷേക്കര്‍ ഖബ്ലാന്‍ എന്ന യുവാവിനെ മുഖംമൂടി ധരിച്ച തോക്കുധാരികള്‍ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ഈ പ്രവര്‍ത്തി ഒറ്റപ്പെട്ട ഒരു സംഭവമല്ല, മറിച്ച് ക്രിസ്ത്യാനികളെ അവരുടെ പൂര്‍വ്വിക ദേശങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു വ്യവസ്ഥാപിത ഭീകര നയത്തിന്റെ ഭാഗമാണെന്നു സംഘടന കൂട്ടിച്ചേര്‍ത്തു.
സമീപ വര്‍ഷങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിച്ചിട്ടും, ഈ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് ഗൗരവമേറിയ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല, ഇത് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിയന്ത്രണാതീതമായി വളരാന്‍ അനുവദിക്കുന്നു.
അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍, മനുഷ്യാവകാശ സംഘടനകള്‍ എന്നിവ വിഷയത്തില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തണമെന്നു സംഘടന ആവശ്യപ്പെട്ടു.
ക്രിസ്ത്യന്‍ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് തെക്കന്‍ സിറിയയിലും സമീപ പ്രദേശങ്ങളിലും അന്താരാഷ്ട്ര നിരീക്ഷണ ദൗത്യ സംഘങ്ങളെ വിന്യസിക്കേണ്ടത് അത്യാവശ്യമാണെന്നും സംഘടന വ്യക്തമാക്കി.