വേനൽച്ചൂടിനെ സൂക്ഷിക്കാം, പ്രതിരോധിക്കാം
വേനൽക്കാലം കടുക്കുന്നതോടെ നമ്മുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളികളാണ് ഉയരുന്നത്.
വർദ്ധിച്ചുവരുന്ന അന്തരീക്ഷ താപനില ശരീരത്തിന്റെ സ്വാഭാവിക നിയന്ത്രണ സംവിധാനങ്ങളെ ബാധിക്കുന്നു. പ്രത്യേകിച്ച് മുതിർന്ന പൗരന്മാരിൽ താപനില ക്രമീകരിക്കാനുള്ള കഴിവ് കുറവായതിനാൽ സൂര്യതാപം, നിർജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങൾ വേഗത്തിൽ ബാധിക്കാൻ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ ആയുർവേദ വിധിപ്രകാരമുള്ള ചില മുൻകരുതലുകൾ സ്വീകരിക്കുന്നത് ഉചിതമായിരിക്കും.
പ്രധാന മുൻകരുതലുകൾ
1. ജലപാനം അനിവാര്യം
ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. വെള്ളത്തിന് രുചി കൂട്ടാനും ഔഷധഗുണത്തിനും കരിങ്ങാലി, രാമച്ചം, നന്നാരി, ഷഡംഗം തുടങ്ങിയവ ഇട്ട് തിളപ്പിക്കാം. ഇളനീർ, സംഭാരം, നാരങ്ങാവെള്ളം എന്നിവ ശരീരത്തിന് തണുപ്പ് നൽകും. എന്നാൽ മദ്യം, കാപ്പി, ചായ, കൃത്രിമ പാനീയങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണ്.
2. പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കാൻ
ഉച്ചസമയത്തെ കടുത്ത വെയിലിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നേരിട്ടുള്ള വെയിലേൽക്കാതിരിക്കാൻ സഹായിക്കും. അയഞ്ഞതും നേർത്തതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
3. സ്നാനവും ചർമ്മസംരക്ഷണവും
ശരീരം തണുപ്പിക്കാൻ ദിവസവും കുളിക്കുന്നത് പ്രധാനമാണ്. കുളിക്കുന്നതിന് മുൻപ് നാല്പാമരാദി വെളിച്ചെണ്ണയോ എള്ളെണ്ണയോ തേച്ചു കുളിക്കുന്നത് ചർമ്മരോഗങ്ങളെ അകറ്റാൻ സഹായിക്കും. അമിതമായ ചൂടുമൂലം ചർമ്മത്തിലുണ്ടാകുന്ന കറുവാളിപ്പ് ഒഴിവാക്കാൻ വീര്യം കുറഞ്ഞ സോപ്പുകൾ ഉപയോഗിക്കാം. കുളിക്കുന്ന വെള്ളത്തിൽ അല്പം റോസ് വാട്ടർ ചേർക്കുന്നത് ഉന്മേഷം നൽകും.
4. ഭക്ഷണക്രമീകരണം
ചൂടുകാലത്ത് ലഘുവായ ഭക്ഷണങ്ങളാണ് ഉത്തമം. പഴകിയതും എണ്ണയിൽ പൊരിച്ചതുമായ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. തണ്ണിമത്തൻ, വെള്ളരി, പപ്പായ തുടങ്ങിയ ജലാംശം കൂടുതലുള്ള പഴവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എരിവ്, പുളി, ഉപ്പ് എന്നിവ കുറയ്ക്കുന്നത് ശരീരത്തിലെ ചൂട് നിയന്ത്രിക്കാൻ സഹായിക്കും.
5. ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
* ദിവസവും 6 മുതൽ 8 മണിക്കൂർ വരെ ഉറക്കം ഉറപ്പുവരുത്തുക.
* കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കി യോഗ, ധ്യാനം തുടങ്ങിയവ ശീലമാക്കാം.
* വീടിനുള്ളിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുക.
നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങളെ ഒരു പരിധിവരെ തടയാൻ നമുക്ക് സാധിക്കും.
സാബു ജോസ്, എറണാകുളം