നന്മയും സാഹോദര്യവും സാമീപ്യവും പങ്കുവച്ച് ആതിഥേയത്വം വളര്‍ത്തുക: ലിയോ പാപ്പാ
സഭയിലും സമൂഹത്തിലും നന്മയും സാഹോദര്യവും വളര്‍ത്തുന്നതിന് പരിശ്രമിക്കാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ.
ഐക്യദാര്‍ഢ്യത്തിന്റെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി പരിശ്രമിക്കുന്ന 'ആതിഥേയത്വത്തിന്റെ ആസ്ഥാനം' എന്ന പേരില്‍ വിവിധ സഭാത്മകസംഘടനകള്‍ ചേര്‍ന്ന് റോമില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംബന്ധിച്ചവര്‍ക്ക് മാര്‍ച്ച് 12 വ്യാഴാഴ്ച്ച വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു ആഹ്വാനം പാപ്പാ നടത്തിയത്.
മറ്റുള്ളവരെ സ്വീകരിക്കുന്നതിനുള്ള കഴിവില്‍നിന്നാണ് ക്രൈസ്തവമായ ഐക്യം ഉണ്ടാകുന്നതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, മറ്റുള്ളവരെ ശ്രവിക്കേണ്ടതിന്റെയും, അവര്‍ക്ക് ആതിഥേയത്വവും സഹായസഹകരണങ്ങളും നല്കുന്നതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു.
സാംസ്‌കാരിക, സാമൂഹിക മേഖലകളില്‍ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും സഭയുടെയും സമൂഹത്തിന്റെയും ഭാവി നിര്‍ണ്ണയിക്കുന്നതില്‍ യുവജനങ്ങള്‍ക്കുള്ള പങ്കും പരിശുദ്ധ പിതാവ് അനുസ്മരിച്ചു.
തങ്ങളുടെ സമയവും അറിവുകളും അനുഭവജ്ഞാനവും മൂല്യങ്ങളും പങ്കുവച്ചുകൊണ്ട്, മറ്റുള്ളവരുമായി സഹകരണ മനോഭാവത്തില്‍ ജീവിക്കേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധപിതാവ് യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
ദേവാലയത്തില്‍ ഉണ്ണിയേശുവിനെ കാണാതാകുന്നതും, പിന്നീട് കണ്ടുമുട്ടുന്നതുമായ സംഭവം പരാമര്‍ശിച്ചുകൊണ്ട്, നമ്മുടെ ജീവിതത്തിലെ മറ്റുള്ളവരുടെ സാന്നിദ്ധ്യം എന്നത് തനിയെ ഉണ്ടാകുന്ന ഒന്നല്ലെന്നും, അത് തുടര്‍ച്ചയായ അന്വേഷണത്തിന്റെയും പരിശ്രമത്തിന്റെയും ഭാഗമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
നമുക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് അവര്‍ എത്രമാത്രം അമൂല്യരായിരുന്നുവെന്ന് നാം മനസ്സിലാക്കുകയെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. വിശ്വാസജീവിതവുമായി ബന്ധപ്പെട്ടും ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന് പ്രസ്താവിച്ച പാപ്പാ, നമ്മുടെ ജീവിതത്തിലെ യേശുവിന്റെ സാന്നിദ്ധ്യവും, അതില്ലാതാകുമ്പോഴാണ് പലപ്പോഴും നാം തിരിച്ചറിയുന്നതെന്ന് യുവജനങ്ങളോട് പറഞ്ഞു. യേശുവല്ല, നമ്മളാണ് അവനില്‍ നിന്ന് അകന്നുപോകുന്നതെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
വിശുദ്ധ യൗസേപ്പില്‍ നാം കണ്ടെത്തുന്നത് സ്വീകാര്യതയുടെയും സംരക്ഷണത്തിന്റെയും മാതൃകാപരവും ശക്തവുമായ മാതൃകയാണെന്നും പാപ്പാ പറഞ്ഞു.
മറ്റുള്ളവരുടെ തിരഞ്ഞെടുപ്പുകളെയും തീരുമാനങ്ങളെയും മാനിക്കാനും, അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുമുള്ള വിളിയാണ് വിശുദ്ധനില്‍ നാം കണ്ടെത്തുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
മാറി നിന്നുകൊണ്ടല്ല സംരക്ഷിക്കുന്നതെന്നും, മറ്റുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ നാം അവരുടെ ജീവിതത്തില്‍ സന്നിഹിതരല്ലെന്ന സന്ദേശമാണ് നല്‍കുന്നതെന്നും പാപ്പാ പറഞ്ഞു.