4.5 ലക്ഷത്തിന് 'ഡോക്ടര്‍' വഴി നീറ്റ് ചോദ്യപേപ്പര്‍ നല്‍കാമെന്ന് വാഗ്ദാനം; പുണെയിലെ ചായക്കട ഉടമക്കെതിരെ സിബിഐ കുറ്റപത്രം

 
DRS

പുണെ: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ പ്രതിയായ ശേഷ്റാവു ബജ്രങ് സൂര്യവംശിക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 


പുണെയിലെ 'മാലക് ചാ' എന്ന ചായക്കടയുടെ ഉടമയാണ് ഇയാള്‍. കോച്ചിങ് സെന്ററിന് മുന്നിലുള്ള തന്റെ ചായക്കടയിലിരുന്ന് പരീക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കാം എന്ന് ഇയാള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍, നാലര ലക്ഷം രൂപ നല്‍കിയാല്‍ ഒരു 'ഡോക്ടര്‍' സുഹൃത്ത് വഴി ചോദ്യപേപ്പര്‍ സംഘടിപ്പിച്ചു നല്‍കാം എന്ന് പറഞ്ഞാണ് സൂര്യവംശി വിദ്യാര്‍ഥികളെ സമീപിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 28-ന് പത്ത് വിദ്യാര്‍ഥികളെ നാസിക്കിലെ പഞ്ചക് ഗ്രാമത്തിലുള്ള ഒരു വീട്ടിലെത്തിച്ച് ചോദ്യപേപ്പറുകള്‍ നല്‍കി. 

പണം നല്‍കുമെന്ന ഉറപ്പിനായി വിദ്യാര്‍ഥികളുടെ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകളും വിദ്യാഭ്യാസ രേഖകളും ഇയാള്‍ വാങ്ങിവെച്ചിരുന്നു. മേയ് മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുന്നോടിയായി മൂന്ന്-നാല് ദിവസം വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ഈ വീട്ടിലിരുന്ന് പഠിക്കുകയും മേയ് രണ്ടിന് ചോദ്യപേപ്പറുകള്‍ തിരികെ നല്‍കി മടങ്ങുകയും ചെയ്തു.

പരീക്ഷയ്ക്ക് ശേഷം ഒരു വിദ്യാര്‍ഥിയില്‍നിന്ന് മൂന്ന് ലക്ഷം രൂപ ചായക്കടയില്‍ വെച്ച് സൂര്യവംശി കൈപ്പറ്റി. ഇതിനായി വിദ്യാര്‍ഥിയുടെ അമ്മ 35.8 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചാണ് പണം സംഘടിപ്പിച്ചത്.  അന്വേഷണത്തിനിടെ സൂര്യവംശിയുടെ ഫോണ്‍ പരിശോധിച്ച സിബിഐ, ഏപ്രില്‍ 30-ന് ചോദ്യപേപ്പറിന്റെ പകര്‍പ്പുകളുമായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടെത്തിയിരുന്നു. സെപ്റ്റംബര്‍ രണ്ടിന് സിബിഐ അറസ്റ്റ് ചെയ്ത സൂര്യവംശി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസില്‍ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത പതിനാലാമത്തെ പ്രതിയാണ് ഇയാള്‍.


നാസിക്കില്‍ അറസ്റ്റിലായ കരിയര്‍ കൗണ്‍സിലര്‍ ശുഭം ഖൈര്‍നാര്‍, നന്ദേഡില്‍ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന നാഗേഷ് നാനാമറാവു ധാന്ദേ എന്നിവരുമായി ചേര്‍ന്നാണ് സൂര്യവംശി തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. 


2018 മുതല്‍ ഖൈര്‍നാറും ധാന്ദേയും തമ്മില്‍ പരിചയമുണ്ടായിരുന്നു. 2026-ലെ നീറ്റ് പരീക്ഷയ്ക്ക് മുന്‍പ് തന്റെ പക്കല്‍ നീറ്റ് പരീക്ഷയുടെ 'ഗസ് പേപ്പര്‍' ഉണ്ടെന്ന് ഖൈര്‍നാര്‍ ധാന്ദേയോട് പറയുകയും ബയോളജി, കെമിസ്ട്രി വിഷയങ്ങളിലെ 550-ലധികം ചോദ്യങ്ങള്‍ അടങ്ങിയ പിഡിഎഫ് ഫയലുകള്‍ ധാന്ദേയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. 


ഫോട്ടോകോപ്പി കടയില്‍നിന്ന് ഇയാള്‍ എട്ട് സെറ്റ് പ്രിന്റൗട്ടുകള്‍ എടുത്തിരുന്നു. തുടര്‍ന്ന് സ്വയം 'ഡോക്ടര്‍' എന്ന് പരിചയപ്പെടുത്തി ധാന്ദേ സൂര്യവംശിക്കും വിദ്യാര്‍ഥികള്‍ക്കും ചോദ്യപേപ്പര്‍ കൈമാറുകയായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

Tags

Share this story

From Around the Web