പ്രമുഖ സുവിശേഷ പ്രഘോഷകന്‍ ഫാ. ജിനോ ഹെന്റിക്‌സിന് വിട
സിംഗപ്പൂര്‍: പ്രമുഖ കത്തോലിക്കാ സുവിശേഷ പ്രഘോഷകനും റെഡംപ്റ്ററിസ്റ്റ് സന്യാസ സഭാംഗവുമായ ഫാ. ജിനോ ഹെന്റിക്‌സ് സിഎസ്എസ്ആര്‍ (88) അന്തരിച്ചു. സിംഗപ്പൂരിലെ വുഡ്ലാന്‍ഡ്സ് ഹോസ്പിറ്റലില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം.
അന്തര്‍ദ്ദേശീയ തലത്തില്‍ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം, ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ച ‘ഇവാഞ്ചലൈസേഷന്‍ 2000’ പദ്ധതിയുടെ ഏഷ്യന്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി വര്‍ഷങ്ങളായി ഏഷ്യ ‘ഇവാഞ്ചലൈസേഷന്‍ 2033’ പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. ഐസിസിആര്‍എസ് അന്താരാഷ്ട്ര കൗണ്‍സില്‍ അംഗം, ഏഷ്യന്‍ കത്തോലിക്കാ കരിസ്മാറ്റിക് സര്‍വീസ് ടീം ചെയര്‍മാന്‍, ഇന്ത്യയിലെ നാഷണല്‍ സര്‍വീസ് ടീം ചെയര്‍മാന്‍ എന്നീ നിലകളില്‍ ആഗോളതലത്തില്‍ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു.
1937-ല്‍ ഇന്ത്യയില്‍ ജനിച്ച അദ്ദേഹം 1960-ലാണ് റിഡംപ്റ്ററിസ്റ്റ് പുരോഹിതനായി അഭിഷിക്തനായത്. നിരവധി റെഡംപ്റ്ററിസ്റ്റ് മിഷനുകളിലും ധ്യാനങ്ങളിലും പ്രസംഗിച്ച അദ്ദേഹം, യുവവൈദികര്‍ക്ക് പരിശീലനം നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 1980-ല്‍ ഇന്ത്യയിലെ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ നാഷണല്‍ സര്‍വീസ് ടീം ചെയര്‍പേഴ്‌സണായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കരിസ്മാറ്റിക് നവീകരണത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം ഇന്ന് അന്താരാഷ്ട്ര തലത്തില്‍ വളര്‍ന്നു പന്തലിച്ച ‘ജീസസ് യൂത്ത്’ , ‘ക്രിസ്റ്റീന്‍’ തുടങ്ങിയ കത്തോലിക്കാ കൂട്ടായ്മകളുടെ പ്രാരംഭ ഘട്ടത്തില്‍ ആത്മീയ നേതൃത്വം നല്‍കി. കേരളത്തിലെ പ്രമുഖ ധ്യാനകേന്ദ്രങ്ങളിലും കരിസ്മാറ്റിക് സമ്മേളനങ്ങളിലും അദ്ദേഹം നിരവധി തവണ വചനപ്രഘോഷണം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ലളിതമായ പ്രസംഗശൈലിയും ആത്മീയ ഉള്‍ക്കാഴ്ചകളും മലയാളി വിശ്വാസികള്‍ക്കിടയിലും അദ്ദേഹത്തെ പ്രിയങ്കരനാക്കി.
ഭൗതികശരീരം സിംഗപ്പൂരിലെ വുഡ്ലാന്‍ഡ്സ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതസംസ്‌കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് റെഡംപ്റ്ററിസ്റ്റ് സഭാനേതൃത്വം അറിയിച്ചു.