മെഡിക്കൽ കോളേജ് പരിസരത്ത് ഭ്രൂണം കണ്ടെത്തിയ സംഭവം: ശക്തമായ പ്രതിഷേധവുമായി പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്
കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ആറുമാസം വളർച്ചയുള്ള ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം അതീവ ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പ്രസ്താവിച്ചു.
മനുഷ്യജീവനോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. പഠനാവശ്യത്തിന് ഉപയോഗിച്ച ശേഷം മറവു ചെയ്തതാണെന്ന പ്രാഥമിക നിഗമനം ദുരൂഹത വർദ്ധിപ്പിക്കുന്നു.
പഠനാവശ്യത്തിന് ഉപയോഗിക്കുന്ന ഭ്രൂണങ്ങൾ ആദരവോടെ സംസ്കരിക്കേണ്ടതിന് പകരം തെരുവുനായ്ക്കൾക്ക് കടിച്ചു വലിക്കാൻ പാകത്തിൽ അശ്രദ്ധമായി കൈകാര്യം ചെയ്തത് വലിയ കുറ്റകൃത്യമാണ്.
ഈ സംഭവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷമായ പോലീസ് അന്വേഷണം വേണമെന്ന് ഫെലോഷിപ്പ് ആവശ്യപ്പെട്ടു. ഗർഭസ്ഥ ശിശുവിന്റെ ജീവനെ ഇല്ലാതാക്കിയത് ആരാണെന്നും, ഈ ക്രൂരതയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും സർക്കാരിനോട് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ആവശ്യപ്പെട്ടു.
മനുഷ്യജീവന്റെ മൂല്യം തകർക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ പൊതുസമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നും പ്രതിഷേധ കുറിപ്പിൽ വ്യക്തമാക്കി.
സാബു ജോസ്.
9446329343.