ഗര്‍ഭഛിദ്ര ക്ലിനിക്കിന് പുറത്ത് പ്രാര്‍ത്ഥന നടത്തിയതിന് അറസ്റ്റ് ചെയ്ത പ്രോലൈഫ് പ്രവര്‍ത്തകരെ കുറ്റവിമുക്തരാക്കി
മാഡ്രിഡ്: സ്‌പെയിനില്‍ ഗര്‍ഭഛിദ്ര ക്ലിനിക്കിന് പുറത്ത് സമാധാനപരമായി പ്രാര്‍ത്ഥിച്ചതിന് കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത 21 പ്രോലൈഫ് പ്രവര്‍ത്തകരെ മൂന്നു വര്‍ഷത്തിന് ശേഷം കോടതി കുറ്റവിമുക്തരാക്കി.
'40 ഡേയ്സ് ഫോര്‍ ലൈഫ്' ക്യാംപെയിനിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ 28 നും നവംബര്‍ 6 നും ഇടയില്‍ വിറ്റോറിയ-ഗാസ്റ്റിസിലെ അസ്‌കാബൈഡ് ഗര്‍ഭഛിദ്ര ക്ലിനിക്കിന് പുറത്ത് പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥന നടത്തിയതിനായിരിന്നു കേസ്.
ഗര്‍ഭഛിദ്രം ആഗ്രഹിക്കുന്ന സ്ത്രീകളെ 'തടസ്സപ്പെടുത്താന്‍' ശ്രമിച്ചുവെന്ന കുറ്റമാണ് ഇവരുടെമേല്‍ ആരോപിക്കപ്പെട്ടത്.
ക്ലിനിക്കിന്റെ 100 മീറ്ററിനുള്ളില്‍ പ്രതികള്‍ സമീപിക്കുന്നത് തടയുന്ന 2022-ലെ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടര്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് നേരെ കുറ്റാരോപണം നടത്തുകയായിരിന്നു.
ശിക്ഷാ നിയമത്തിലെ വ്യവസ്ഥ പ്രകാരം ഭീഷണിപ്പെടുത്തുന്ന പെരുമാറ്റത്തിന് തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായെന്നും സ്വതന്ത്രമായ ഒത്തുചേരല്‍ അവകാശം വിനിയോഗിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലായെന്നും അവര്‍ സമാധാനപരമായാണ് പെരുമാറിയതെന്നും ഇക്കഴിഞ്ഞ ദിവസം കോടതി വിധിച്ചു.
ഇതോടെ മൂന്നു വര്‍ഷമായി നീണ്ടു നിന്ന വിചാരണയ്ക്കു സമാപ്തിയായിരിക്കുകയാണ്.
പ്രോലൈഫ് ഗ്രൂപ്പിന്റെ സാന്നിധ്യം കാരണം ഒരു സ്ത്രീയെയും ക്ലിനിക്കില്‍ പ്രവേശിക്കുന്നത് തടയുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ലായെന്നും കോടതി നിരീക്ഷിച്ചു.
ക്ലിനിക്കിലെ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കിയതിനോ ക്ലിനിക് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയതിനോ തെളിവുകളൊന്നുമില്ലായെന്നും കണ്ടെത്തിയ കോടതി 21 പ്രതികളെയും കുറ്റവിമുക്തരാക്കുകയായിരിന്നു.
യൂറോപ്പിലുടനീളം, ഗവണ്‍മെന്റുകള്‍ ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്ക് ചുറ്റും 'ബഫര്‍ സോണുകള്‍' എന്ന പേരില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കും പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നത് സാധാരണകാര്യമായി മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വന്ന വിധിയെ പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.