അഴിമതിക്കെതിരേ 'പ്രോജക്ട് സീറോ'. ആദ്യ കെണി പോലീസുകാരന്. രണ്ടുമാസത്തിനിടെ കുടുങ്ങിയത് 10 ഉദ്യോഗസ്ഥര്‍
കാസര്‍കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് അഴിമതിയും കൈക്കൂലിയും തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ആവിഷ്‌കരിച്ച 'പ്രോജക്ട് സീറോ' പദ്ധതി ഫലം കണ്ടുതുടങ്ങി.
'പ്രോജക്ട് സീറോ' രണ്ടുമാസം പിന്നിട്ടപ്പോഴേക്ക് 10 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ഒരുക്കിയ 'കെണി'യില്‍ കുടുങ്ങി. ഈ വര്‍ഷം ഇതിനുമുമ്പുള്ള അഞ്ചുമാസത്തിനിടെ ഏഴുപേര്‍ മാത്രമാണ് ഇങ്ങനെ പിടിയിലായത്.
പ്രോജക്ട് സീറോ തുടങ്ങിയശേഷം ആദ്യം 'കെണി'യിലായത് പോലീസിലെ തന്നെ ഉദ്യോഗസ്ഥനാണെന്ന കൗതുകവുമുണ്ട്. അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ ചേര്‍ത്തല ഡിവൈ.എസ്.പി.യെയാണ് മേയ് 27-ന് വിജിലന്‍സ് സംഘം കൈയോടെ പിടിച്ചത്.
കോഴിക്കോട് ജില്ലാപഞ്ചായത്തിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍, തിരൂര്‍ നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വല്‍ സ്വീപ്പര്‍, കെ.എസ്.ഇ.ബി. ചാത്തന്നൂര്‍ സെക്ഷന്‍ ഓഫീസിലെ സബ് എന്‍ജിനീയര്‍, കണ്ണൂര്‍ ജില്ലാ ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി ഓഫീസിലെ മിനറല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എടക്കാട് സോണല്‍ ഓഫീസിലെ അസി. എന്‍ജിനീയര്‍, തൊടുപുഴ നഗരസഭയിലെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ആലപ്പുഴ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ ഫിസിയോതെറാപ്പിസ്റ്റ്, തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് എന്നിവര്‍ പിന്നാലെ കുടുങ്ങി.
വിജിലന്‍സ് കേസില്‍ ഒരാള്‍ ഈ കാലയളവില്‍ അറസ്റ്റിലായി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ വ്യവസായ എക്സ്റ്റന്‍ഷന്‍ ഓഫീസറും നിലവില്‍ കൊല്ലം താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസറുമായ ടി.ആര്‍.പ്രവീണ്‍രാജ്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പൊതുവിഭാഗം വനിതകള്‍ക്കായുള്ള സ്വയംതൊഴില്‍ സംരംഭ പദ്ധതിയുടെ വായ്പാ തുകയുടെ സബ്‌സിഡി അനുവദിച്ചതില്‍ ക്രമക്കേട് കാണിച്ച് 3.57 കോടി രൂപയുടെ ഫണ്ട് തട്ടിയതിനാണ് അറസ്റ്റ്.
കൈക്കൂലിക്കേസില്‍ ശിക്ഷയനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന ദേവികുളം മുന്‍ ബ്ലോക്ക് ഡിവലപ്‌മെന്റ് ഓഫീസര്‍ എം.ജി.അജയകുമാറിനെയും കോന്നി മുന്‍ വില്ലേജ് ഓഫീസര്‍ രാജു കെ.എബ്രഹാമിനെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു.