ബഹുഭാര്യത്വത്തിനെതിരെ നിലക്കൊണ്ട ഫ്രാന്‍സിസ്‌കന്‍ രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഒക്ടോബര്‍ 31ന്
സവാന: വിവാഹത്തിന്റെ പരിശുദ്ധി സംരക്ഷിക്കുവാന്‍ ചെറുത്തുനില്‍പ്പ് നടത്തിയതിന്റെ പേരില്‍ കൊല്ലപ്പെട്ട ജോര്‍ജിയന്‍ രക്തസാക്ഷികളെ ഒക്ടോബര്‍ 31-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. 'ജോര്‍ജിയ രക്തസാക്ഷികള്‍' എന്നറിയപ്പെടുന്ന പെഡ്രോ ഡി കോര്‍പ്പ, ബ്ലാസ് റോഡ്രിഗസ്, മിഗുവല്‍ ഡി ആനോണ്‍, അന്റോണിയോ ഡി ബഡാജോസ്, ഫ്രാന്‍സിസ്‌കോ ഡി വെരാസ്‌കോള എന്നിവരെ ജോര്‍ജിയയിലെ സവാന്നയിലുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ചാണ് വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തുക.
മേഖലയിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചടങ്ങ് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ദിവസമായിരിക്കുമെന്ന് സവാന്നയിലെ ബിഷപ്പ് സ്റ്റീഫന്‍ ഡി. പാര്‍ക്ക്‌സ് പറഞ്ഞു. കാനഡയിലെ ടൊറന്റോ അതിരൂപതയിലെ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് ലിയോ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തും.
1570-ല്‍ തന്നെ ജോര്‍ജിയയുടെ തീരത്ത് തദ്ദേശീയരായ ഗൗള്‍ ജനതയ്ക്കിടയില്‍ സുവിശേഷവത്ക്കരണത്തിനും, മതബോധനത്തിനും കൂദാശകള്‍ പങ്കുവെയ്ക്കാനും ഫ്രാന്‍സിസ്‌കന്‍ സന്യാസിന്മാര്‍ എത്തിയിരിന്നു. ആയിരം പേരുള്ള ഒരു ഗ്രാമത്തില്‍ പലപ്പോഴും ഒരു ഫ്രാന്‍സിസ്‌കന്‍ സന്യാസിയാണ് സേവനമനുഷ്ഠിച്ചിരിന്നത്. 1580-1590 ആയപ്പോഴേക്കും ജോര്‍ജിയ രക്തസാക്ഷികള്‍ എന്നറിയപ്പെടുന്ന അഞ്ച് പേര്‍ ഉള്‍പ്പെടെ നിരവധി സന്യാസിമാര്‍ ഇതിനകം തന്നെ വ്യത്യസ്ത മിഷന്‍ ഗ്രാമങ്ങളില്‍ സേവനമനുഷ്ഠിച്ചു തുടങ്ങിയിരുന്നു.
ബഹുഭാര്യത്വം ഒരു സംസ്‌കാരമായി കൊണ്ടുനടന്ന നാടായിരിന്നു അത്. ഇതിനിടെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച തദ്ദേശീയ നേതാവായ ജുവാനില്ലോ രണ്ടാം വിവാഹത്തിന് തയാറെടുത്തപ്പോള്‍ ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ ഇത് ചെയ്യാന്‍ കഴിയില്ലെന്നു സന്യാസിമാരില്‍ ഒരാളായ ഫാ. പെഡ്രോ ഡി കോര്‍പ വ്യക്തമാക്കി. വൈദികന്റെ വിസമ്മതം ജുവാനില്ലോയെ ചൊടിപ്പിച്ചു. പ്രകോപിതനായ അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ മിഷ്ണറിമാരുടെ ദൗത്യത്തിന് നേരെ കടന്നാക്രമണം നടത്തി.
അഞ്ചു വൈദികരെയും കൊടിയ രീതിയില്‍ മര്‍ദ്ദിച്ചും ചിലരെ അമ്പെയ്തും കൊലപ്പെടുത്തി. പ്രദേശത്തു പങ്കുവെച്ചിരിന്ന ക്രിസ്തീയ ധാര്‍മ്മിക പ്രബോധനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായിട്ടായിരിന്നു ഈ കൊലപാതകങ്ങള്‍. 1597 സെപ്റ്റംബര്‍ 14-17 തീയതികള്‍ക്കിടെ 5 ഫ്രാന്‍സിസ്‌കന്‍ വൈദികരും രക്തസാക്ഷിത്വം വരിച്ചു. 1950-ല്‍ ജോര്‍ജിയന്‍ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചിരിന്നു. 2024-ല്‍ ഇവരുടെ ജീവിതത്തെ കേന്ദ്രമാക്കി പുറത്തിറക്കിയ 'ഫോര്‍ ദി സേക്ക് ഓഫ് ദി ഗോസ്പല്‍' ചിത്രം ശ്രദ്ധ നേടിയിരിന്നു.