വാക്കുകളിലൂടെ മാത്രമല്ല, ജീവിതം കൊണ്ടും വിശ്വാസം പ്രഘോഷിക്കുക: ലെയോ പതിനാലാമന്‍ പാപ്പ

​​​​​​​

 
LEO 14



വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ പ്രതിഫലിക്കാത്ത വിശ്വാസം നമ്മെ രക്ഷയിലേക്ക് നയിക്കില്ലായെന്നും വാക്കുകളിലൂടെ മാത്രമല്ല, ജീവിതം കൊണ്ടും വിശ്വാസം പ്രഘോഷിക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. 


ഓഗസ്റ്റ് ഇരുപത്തിനാല് ഞായറാഴ്ച വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തിന്റെ ജാലകത്തില്‍ നിന്ന് സംസാരിക്കുകയായിരിന്നു പാപ്പ. രക്ഷപ്രാപിക്കാനായി ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ ഉദ്‌ബോധിപ്പിക്കുന്ന ക്രിസ്തുവിന്റെ തിരുവചനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പാപ്പയുടെ സന്ദേശം.

രക്ഷപെടുന്നവര്‍ ചുരുക്കമാണോ എന്ന ഒരുവന്റെ ചോദ്യത്തിന് മറുപടി നല്‍കാനായി, 'ഇടുങ്ങിയ വാതിലിന്റെ' ഉപമ ഉപയോഗിക്കുന്ന യേശുവിനെ ഇന്നത്തെ സുവിശേഷത്തില്‍ (ലൂക്കാ 13:22-30) നമുക്ക് കാണാം. യേശു പറയുന്നു 'ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകര്‍ പ്രവേശിക്കാന്‍ ശ്രമിക്കും എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല'. 

ആദ്യനോട്ടത്തില്‍ ഈയൊരു വാചകം നമ്മില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്: എല്ലായ്‌പ്പോഴും തന്റെ കരങ്ങള്‍ വിരിച്ചുകൊണ്ട് നമ്മെ സ്വീകരിക്കുവാനായി കാത്തിരിക്കുന്ന സ്‌നേഹവും കരുണയുമുള്ള പിതാവാണ് ദൈവമെങ്കില്‍, എന്തുകൊണ്ടാണ് രക്ഷയുടെ വാതില്‍ ചുരുങ്ങിയതാണെന്ന് യേശു പറയുന്നത്?

തീര്‍ച്ചയായും കര്‍ത്താവ് നമ്മെ നിരാശപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. തങ്ങള്‍ രക്ഷിക്കപ്പെട്ടവരാണെന്ന് കരുതുന്നവരുടെയും, മതത്തില്‍ ജീവിക്കുന്നതുകൊണ്ട് മാത്രം എല്ലാമായി എന്ന് കരുതുന്നവരുടെയും മുന്‍വിധിയെ ഒന്ന് പിടിച്ചു കുലുക്കാന്‍വേണ്ടിയുള്ളവയാണ് അവന്റെ വചനങ്ങള്‍.

 തങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസപരമായ കാര്യങ്ങള്‍ തങ്ങളുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നില്ലെങ്കില്‍ അത്തരം പ്രവൃത്തികളില്‍ മുഴുകുന്നത് മാത്രം മതിയാകുന്നില്ല എന്ന് ഇത്തരക്കാര്‍ മനസ്സിലാക്കുന്നില്ല. 

സഹോദരങ്ങളോടുള്ള സ്‌നേഹത്തില്‍ ജീവിക്കാനും, നീതി പ്രവര്‍ത്തിക്കാനും തയാറാകാത്തവരുടെ ബലികളും പ്രാര്‍ത്ഥനകളും കര്‍ത്താവിന് സ്വീകാര്യമല്ല. , നന്മയ്ക്കായി സ്വയം സമര്‍പ്പിക്കുകയും സ്‌നേഹത്തിനായി വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുകയും വേണം.

സുവിശേഷത്തിലെ 'ഇടുങ്ങിയ വാതില്‍' ധൈര്യപൂര്‍വ്വം കടക്കാനും, അതുവഴി ദൈവപിതാവിന്റെ സ്‌നേഹത്തിന്റെ വിശാലതയിലേക്ക് സന്തോഷപൂര്‍വ്വം നമ്മെത്തന്നെ തുറക്കാന്‍ സാധിക്കുന്നതിനുമായി നമ്മെ സഹായിക്കാന്‍ പരിശുദ്ധ കന്യകാമറിയത്തോട് നമുക്ക് അപേക്ഷിക്കാമെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.

Tags

Share this story

From Around the Web